Kerala
വിനോദയാത്രപോയ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; കൊച്ചി പോലീസ് കേസെടുത്തു
മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം
കൊച്ചി | കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിനോദയാത്രപോയ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ കൊച്ചി പോലീസ് കേസെടുത്തു. ബോട്ട് ഉടമയ്ക്കും കാറ്ററിങ്ങ് സര്‍വീസ് നടത്തിയ സ്ഥാപനത്തിനും എതിരെയാണ് കേസെടുത്തത്. രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഇന്നലെഭക്ഷ്യവിഷബാധയേറ്റത്.
മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നല്‍കിയ ഭക്ഷണത്തില്‍ ഉള്‍പ്പെട്ട മോരില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. ഇന്നു രാവിലെയോടെ കുട്ടികളും മുതിര്‍ന്നവരും ആരോഗ്യനില വീണ്ടെടുത്തു.
രണ്ടുബസിലായാണ് സംഘം കൊച്ചിയിലെത്തിയത്. വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്.