National
16 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുത്; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം
വിദ്യാർഥികൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്നതും മികച്ച റാങ്കും ഉയർന്ന മാർക്കും വാഗ്ദാനം ചെയ്യുന്നതും പാടില്ലെന്നും നിർദേശം
ന്യൂഡൽഹി | കോച്ചിംഗ് സെന്ററുകളിൽ 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത് വിലക്ക് കേന്ദ്ര സർക്കാർ. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ കോച്ചിംഗ് സെന്ററുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കാവൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. വിദ്യാർഥികൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്നതും മികച്ച റാങ്കും ഉയർന്ന മാർക്കും വാഗ്ദാനം ചെയ്യുന്നതും പാടില്ലെന്നും നിർദേശത്തിലുണ്ട്.
കോച്ചിംഗ് സെന്ററുകൾ ഡിഗ്രി യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കരുത്, കോച്ചിംഗിന്റെ ഗുണനിലവാരം, വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ, അല്ലെങ്കിൽ കോച്ചിംഗ് സെന്ററോ അതിലെ വിദ്യാർത്ഥികളോ നേടിയ ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളും മാർഗനിർദേശത്തിലുണ്ട്.
ന്യായവും യുക്തവുമായ ഫീസ് നിരക്കുകൾ, സുതാര്യമായ ഫീസ് രസീതുകൾ, വിശദമായ പ്രോസ്‌പെക്‌ടസുകൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇടക്കുവെച്ച് കോഴ്‌സ് വിടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് തിരികെ നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകളും കേന്ദ്രം മുന്നോട്ടുവെക്കുന്നു. ഒരു വിദ്യാർത്ഥിക്ക് മിനിമം സ്ഥലം, സുരക്ഷാ കോഡുകൾ പാലിക്കൽ, പ്രഥമശുശ്രൂഷ, മെഡിക്കൽ സൗകര്യങ്ങൾ, വൈദ്യുതീകരണം, വെന്റിലേഷൻ, വെളിച്ചം, ശുദ്ധമായ കുടിവെള്ളം, സുരക്ഷാ നടപടികൾ എന്നിവ സെന്ററുകൾ ഉറപ്പാക്കണം.
കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷനും നിയന്ത്രണത്തിനും ഒരു ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് പുതിയ മാർഗനിർദേശങ്ങൾ കൊണ്ട് കേന്ദ്രം ലക്ഷ്യംവെക്കുന്നത്. കോച്ചിംഗ് സെന്ററുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് കോ-കരിക്കുലർ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന് കോച്ചിംഗ് സെന്ററുകളെ പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് കരിയർ ഗൈഡൻസും സൈക്കോളജിക്കൽ കൗൺസിലിംഗും നൽകുക തുടങ്ങിയവയും സർക്കാറിന്റെ ലക്ഷ്യങ്ങളാണ്.
സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമാക്കുന്നത്. രാജ്യത്ത് കോച്ചിംഗ് സെന്ററുകളുടെ അമിത സമ്മർദം മൂലം വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. കോച്ചിംഗ് സെന്ററുകളിലെ അധ്യാപന രീതിക്കെതിരെയും മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനെതിരെയും നിരവധി പരാതികളും അധികൃതർക്ക് ലഭിക്കുന്നുണ്ട്.
കോച്ചിംഗ് സെന്ററുകൾ മാർഗനിർദേശങ്ങൾ ലംഘിച്ചതായി യോഗ്യതയുള്ള അതോറിറ്റിക്ക് ബോധ്യപ്പെട്ടാൽ കോച്ചിംഗ് സെന്ററിന് അനുവദിച്ചിട്ടുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനുള്ള വ്യവസ്ഥകളും മാർഗനിർദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
മധ്യപ്രദേശിലെ ഇന്ദോറിലെ ഒരു കോച്ചിംഗ് സെന്ററിൽ പതിനെട്ടുകാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്രം ഇതുസംബന്ധിച്ച വ്യവസ്ഥകൾ കർശനമാക്കുന്നത്. മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (എംപിപിഎസ്‌സി ) പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസിലിരിക്കുന്നതിനിടെയാണ് മാധവ് എന്ന ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണത്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കാണ് മാധവിന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മാധവ് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.