Connect with us

Kerala

വെള്ളാണിക്കല്‍ പാറ കാണാനെത്തിയ കുട്ടികള്‍ക്ക് മര്‍ദനം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പോത്തന്‍കോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമ കേസിലെ പ്രതിയാണ് അഭിജിത്ത്.

Published

|

Last Updated

പോത്തന്‍കോട് (തിരുവനന്തപുരം) | വെള്ളാണിക്കല്‍ പാറ കാണാനെത്തിയ കുട്ടികളെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പോത്തന്‍കോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമ കേസിലെ പ്രതിയാണ് അഭിജിത്ത്. മറ്റൊരു പ്രതി മനീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വഴിയാത്രക്കാര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇക്കഴിഞ്ഞ നാലിന് നടന്ന സംഭവം നാടറിയുന്നത്. സഹപാഠിയുടെ വീട്ടിലെത്തിയ പോത്തന്‍കോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍പാറ കാണാന്‍ പോയപ്പോഴാണ് മര്‍ദനമേറ്റത്. ശ്രീനാരായണപുരം കമ്പിളി വീട്ടില്‍ കോണത്ത് വീട്ടില്‍ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.

മദ്യലഹരിയിലായിരുന്ന മനീഷും സംഘവും വടികൊണ്ട് കുട്ടികളുടെ കൈയിലും കാലിലും അടിച്ചു. മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് മര്‍ദനമേറ്റത്. ചോദ്യംചെയ്ത നാട്ടുകാരെയും വഴിയാത്രക്കാരെയും സംഘം അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

 

Latest