Connect with us

International

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിന് അനുമതി നൽകി ചൈന; ഇന്ത്യയും ബംഗ്ലാദേശും ആശങ്കയിൽ

ഭീമൻ അണക്കെട്ട് ചൈന ഒരു ജലബോംബായി ഉപയോിഗിക്കുമോ എന്ന് ആശങ്ക

Published

|

Last Updated

ന്യൂഡൽഹി | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ജലവൈദ്യുത പദ്ധതിക്ക് ചൈന അംഗീകാരം നൽകി. ടിബറ്റിലെ ഇന്ത്യൻ അതിർത്തിക്ക് സമീപം ബ്രഹ്മപുത്ര നദിയിലാണ് ഈ അണക്കെട്ട് നിർമ്മിക്കുന്നത്. ടിബറ്റിൽ യാർലുങ്-സാങ്പോ എന്നാണ് ബ്രഹ്മപുത്ര അറിയപ്പെടുന്നത്. ഈ അണക്കെട്ടിൽ ചൈന ജലവൈദ്യുത പദ്ധതി സ്ഥാപിക്കും.

ഇതിൻ്റെ നിർമ്മാണത്തിന് 137 ബില്യൺ ഡോളറാണ് ചിലവ് കണക്കാക്കുന്നത്. പദ്ധതിയിൽ പ്രതിവർഷം 30 കോടി മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. 30 കോടി ജനങ്ങളുടെ വാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകും ഇതെന്ന് കരുതുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി കണക്കാക്കപ്പെടുന്ന ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ മൂന്നിരട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പുതിയ പദ്ധതിക്ക് സാധിക്കും. ചൈനയിലെ ഹുവായ് പ്രവിശ്യയിലാണ് ത്രീ ഗോർജസ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

അതേസമയം, ചൈനയുടെ ഭീമൻ ജലവൈദ്യുത പദ്ധതി പ്രഖ്യാപനം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്ക് നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിയുമെന്നതാണ് പ്രശ്നം. ഭീമൻ അണക്കെട്ട് ചൈന ഒരു ജലബോംബായി ഉപയോിഗിക്കുമോ എന്നതും പ്രശ്നമാണ്. ഈ അണക്കെട്ടിൽ നിന്ന് ചൈന വെള്ളം തുറന്നുവിട്ടാൽ അരുണാചൽ പ്രദേശിലെ യിങ്കിയോങ് നഗരം പൂർണമായും വെള്ളത്തിനടിയിലാകും. യുദ്ധസമാനമായ സാഹചര്യത്തിൽ ഈ അണക്കെട്ടിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിടുകയും അതിർത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ വെള്ളം തടഞ്ഞ് വരൾച്ച സൃഷ്ടിക്കുകയോ ചെയ്യാം.

Latest