International
പാക് ഭീകരൻ മക്കിയെ ആഗോള ഭീകരായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ-യുഎസ് സംയുക്ത പ്രമേയം ചെെന തടഞ്ഞു
ലഷ്‌കര്‍-ഇ-ത്വയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ബന്ധുവാണ് മക്കി.
ന്യൂഡല്‍ഹി | പാക് ഭീകരന്‍ അബ്ദുര്‍റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി അവതരിപ്പിച്ച പ്രമേയം അവസാന നിമിഷം ചെെന വീറ്റോ ചെയ്തു. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എൻ രക്ഷാ സമിതിയിലെ 1267 ഇസിൽ, അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് മുമ്പാകെ കൊണ്ടുവന്ന പ്രമേയമാണ് ചെെന തടഞ്ഞത്.
അമേരിക്ക ഇതിനകം തന്നെ മക്കിയെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ബന്ധുവാണ് മക്കി.
പാകിസ്ഥാന്റെ സഖ്യകക്ഷിയായ ചൈന മുമ്പും നിരവധി തവണ പാക് തീവ്രവാദികളെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും ശ്രമങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്. 2019 മേയില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ വലിയ നയതന്ത്ര വിജയം നേടിയിരുന്നു. ഏകദേശം ഒരു ദശാബ്ദത്തോളമെടുത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
അസ്ഹറിനെ കരിമ്പട്ടികയില് പെടുത്താനുള്ള ശ്രമങ്ങള് തടയാന് ശ്രമിച്ച 15 അംഗ യുഎന് രക്ഷാസമിതിയിലെ ഏക രാജ്യമായിരുന്നു ചൈന.