india- china border issue
അതിർത്തിയിൽ മിസൈൽ റെജിമെന്റ് വിന്യസിച്ച് ചൈന
ഹൈവേകൾ നിർമിക്കുന്നു
ന്യൂഡൽഹി | അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കുന്നു. അതിർത്തിയോട് ചേർന്ന് ഹൈവേകളും റോഡുകളും നിർമിക്കുന്നതായും സൂചനയുണ്ട്.
കിഴക്കൻ ലഡാക്ക് സെക്ടറിന് എതിർവശത്തുള്ള അക്‌സായ് ചിൻ പ്രദേശത്താണ് ഹൈവേ, റോഡ് എന്നിവയുടെ നിർമാണം. ഇത് പൂർത്തിയാകുന്നതോടെ യഥാർഥ നിയന്ത്രണരേഖയിലേക്ക് ചൈനീസ് സൈന്യത്തിന് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഷ്ഗർ, ഗർ ഗൻസ, ഹോടാൻ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങൾ കൂടാതെ എയർ സ്ട്രിപ്പുകളും ഹൈവേകളും നിർമിച്ച് സൈന്യത്തിന്റെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാനാണ് ശ്രമം. തിബറ്റൻ സ്വയംഭരണ മേഖലയോട് ചേർന്നാണ് വൻതോതിൽ മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കുകയും സൈനിക താവളങ്ങൾ നിർമിക്കുകയും ചെയ്തത്. മേഖലയിൽ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്.
പ്രദേശത്തുള്ള തിബറ്റുകാരെ അതിർത്തി പോസ്റ്റുകളിൽ വിന്യസിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കിയതായി റിപ്പോർട്ടുണ്ട്. ദുഷ്‌കരമായ ഭൂപ്രദേശം കൈകാര്യം ചെയ്യാൻ മണ്ണിന്റെ മക്കളെ ഉപയോഗപ്പെടുത്തുകയെന്ന തന്ത്രമാണ് ചൈന ഇവിടെ പ്രയോഗിക്കുന്നത്. കഴിഞ്ഞ ശൈത്യകാലത്തെ അപേക്ഷിച്ച് ക്യാമ്പ്, റോഡ് ശൃംഖല എന്നിവയുടെ കാര്യത്തിൽ ചൈന ഏറെ മുന്നിലാണ്. സൈനികതല ചർച്ചകളിൽ അതിർത്തിയിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.