International
പുതിയ വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കി ചൈന; ഇന്ത്യക്ക് ഭീഷണിയാകുമോ?
ചൈന ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും നൂതനവുമായ വിമാനവാഹിനിക്കപ്പലാണിത്.
ന്യൂഡൽഹി | ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ അവസാനഘട്ട പരീക്ഷണങ്ങൾക്കായി കടലിലിക്കി. കഴിഞ്ഞയാഴ്‌ചയാണ് ചൈനയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കിയത്. പുതിയ വിമാനവാഹിനിക്കപ്പലിന് ഫുജിയാൻ പ്രവിശ്യയുടെ പേരാണ് നൽകിയിരിക്കുന്നത്. ചൈന ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും നൂതനവുമായ വിമാനവാഹിനിക്കപ്പലാണിത്.
ഷാങ്ഹായിലെ ജിയാങ്‌നാൻ കപ്പൽശാലയിൽ നിന്ന് പുറപ്പെട്ട ഫുജിയാന്റെ പ്രൊപ്പൽഷന്റെയും ഇലക്ട്രിക്കൽ സംവിധാനങ്ങളുടെയും പ്രകടനം പരിശോധിക്കുമെന്ന് ദേശീയ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
അഞ്ച് വർഷത്തിനുള്ളിൽ ഫുജിയാനെ പൂർണമായും ചൈനീസ് സേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇതിനായി രണ്ട് വർഷത്തേക്ക് ട്രയൽസ് നടത്തും. നിലവിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവി വിഭാഗം ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ്. ഏറ്റവും അത്യാധുനികവും ശക്തമായതുമായ യുദ്ധവിമാന വിക്ഷേപണ സംവിധാനമായ ഇലക്‌ട്രോമാഗ്നെറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം (EMALS) ഉൾപ്പെടുന്ന ഫുജിയാന് 79,000 ടൺ ഭാരമാണുള്ളത്.
ചൈന പുതിയ വിമാനവാഹിനി വികസിപ്പിച്ചതോടെ ഇന്ത്യക്കുമേൽ സമ്മർദം ഏറുകയാണ്. ഇന്ത്യക്ക് നിലവിൽ രണ്ട് വിമാനവാഹിനികൾ മാത്രമാണുള്ളത്. ഐഎൻഎസ് വിക്രമാദിത്യയും ഐഎൻഎസ് വിക്രാന്തും. ഇതിൽ -ഐഎൻഎസ് വിക്രാന്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ്. 43,000 ടണ്ണാണ് ഇതിന്റെ ഭാരം. പുതിയൊരു വിമാനവാഹിനിക്കപ്പൽ കൂടി നിർമിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ഇതിന് വർഷങ്ങളെടുക്കും.