Connect with us

National

എ ഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന തിരഞ്ഞെടുപ്പില്‍ ഇടപെട്ടേക്കാം; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

സാമൂഹിക മാധ്യമങ്ങള്‍ വഴി എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു പൊതുജനത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുമെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ഇന്ത്യയിലേയും അമേരിക്കയിലേയും ദക്ഷിണ കൊറിയയിലേയും തിരഞ്ഞെടുപ്പുകളില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

‘സെയിം ടാര്‍ഗറ്റ്‌സ്, ന്യൂ പ്ലേബുക്ക്‌സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്‌സ് ഡിപ്ലോയ് യുണീക് മെത്തേഡ്‌സ്’ എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍.

2024ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ചൈനയുടെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു പൊതുജനത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുമെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

ജനുവരിയില്‍ തായ് വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ എഐ നിര്‍മിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളേയും ചൈന ലക്ഷ്യമിടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും അത്തരം ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. സ്ഥിരം എതിരാളികള്‍ക്കെതിരെയുള്ള അത്തരം നീക്കങ്ങള്‍ ഇരട്ടിപ്പിക്കുക മാത്രമല്ല സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ലക്ഷ്യം നേടാനായി ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

 

---- facebook comment plugin here -----

Latest