Connect with us

International

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന

എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിട്ട് ഉപയോഗിക്കാം.

Published

|

Last Updated

ബീജിങ്| പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ നല്ലൊരു സമയവും ഇന്റര്‍നെറ്റില്‍ ചെലവിടുന്നവരാണ്. കുട്ടികള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണിന് അടിമകളായെന്നുവേണം പറയാന്‍. കുട്ടിക്കാലം മുതലുള്ള ഇന്റര്‍നെറ്റ് ഉപയോഗം അവരെ പ്രതികൂലമായാണ് ബാധിക്കുക. ഇപ്പോള്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമം കൊണ്ടുവന്നത്.

രാത്രിയിലെ ഇന്റര്‍നെറ്റ് ഉപയോഗം തടയുകയും മറ്റുസമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി.

സെപ്തംബര്‍ രണ്ടു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിട്ട് ഉപയോഗിക്കാം. 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനാവുന്ന തരത്തിലാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.