Connect with us

From the print

തിരിച്ചടിച്ച് ചൈന; യു എസ് ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തി

വിശ്വാസ ലംഘനങ്ങളുടെ പേരിൽ ഗൂഗിളിനെതിരെ അന്വേഷണം

Published

|

Last Updated

ബീജിംഗ് | കുടിയേറ്റവും ലഹരിക്കടത്തും നിയന്ത്രിക്കാനെന്ന പേരിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഏറ്റെടുത്ത് ചൈന. ചൈനീസ് ഉത്പന്നങ്ങൾക്ക് വാഷിംഗ്ടൺ പത്ത് ശതമാനം നികുതി ചുമത്തിയതിന് പ്രതികാരമായി, അമേരിക്കയിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം (എൽ എൻ ജി) എന്നിവയുടെ ഇറക്കുമതിക്ക് ചൈന 15 ശതമാനം തീരുവ ചുമത്തും. അസംസ്‌കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് വാഹനങ്ങൾ, പിക്ക്-അപ്പ് ട്രക്കുകൾ എന്നിവയുടെ ഇറക്കുമതിക്ക് പത്ത് ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരയുദ്ധം വീണ്ടും സജീവമാകുകയാണ്.
സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷന്റെ പ്രസ്താവനയനുസരിച്ച്, യു എസ് ടെക് ഭീമനായ ഗൂഗിളിനെതിരെ വിശ്വാസലംഘനങ്ങളുടെ പേരിൽ അന്വേഷണം നടത്തുമെന്നും ചൈന പ്രഖ്യാപിച്ചു. ടംഗ്സ്റ്റൺ അനുബന്ധ വസ്തുക്കളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തി. കാൽവിൻ ക്ലെയിൻ ഉടമയായ പി വി എച്ച് കോർപറേഷനെയും ഇല്ലുമിന ഇൻ കോർപറേറ്റഡിനെയും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
കാനഡ, മെക്സിക്കോ, ചൈ ന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഇതിനു പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളെയും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. 1977ലെ അന്താരാഷ്ട്ര എമർജൻസി ഇക്കണോമിക്‌സ് പവേഴ്‌സ് ആക്ട് പ്രകാരമാണ് ട്രംപിന്റെ ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കുന്ന രാഷ്ട്രീയ നടപടി. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റിന് സവിശേഷ അധികാരം നൽകുന്ന നിയമമാണിത്. യു എസ്-ചൈന വ്യാപാര തർക്കം കടുത്തതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറൻസിയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞിരുന്നു.

Latest