Ongoing News
ചന്ദ്രനിൽ മനുഷ്യവാസത്തിന് സാധ്യത തേടി ചൈന; കെട്ടിട നിർമാണത്തിന് 3D പ്രിന്റിങ് പരീക്ഷണം
2020 ൽ ചൈനയുടെ ചാന്ദ്രിക മിഷനായ ചാങ് 5 ഭൂമിയിലേക്ക് ചന്ദ്രനിൽ നിന്നുള്ള മണ്ണ് കൊണ്ടുവന്നിരുന്നു.
ബാങ്കോംഗ് | ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റ ഭാഗമായി 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് പരീക്ഷണം നടത്താൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ഭാവിയിൽ ചന്ദ്രനെ തങ്ങളുടെ വാസസ്ഥലമാക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഒരുക്കം. 2020 ൽ ചൈനയുടെ ചാന്ദ്രിക മിഷനായ ചാങ് 5 ഭൂമിയിലേക്ക് ചന്ദ്രനിൽ നിന്നുള്ള മണ്ണ് കൊണ്ടുവന്നിരുന്നു. 2013 ൽ ചൈനയുടെ ധൗത്യം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ഇതിനു പിന്നാലെ 2030 ഓടെ തങ്ങളുടെ പ്രഥമ ബഹിരാകാശ സഞ്ചാരിയെ അയക്കുവാനാണ് ചൈനയുടെ തീരുമാനം.
ഇതിനിടയിൽ ചാങ് 6 , 7 , 8 റോക്കറ്റുകൾ അയച്ചുകൊണ്ട് ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസത്തിന്റെ സാധ്യതകളും ചൈന പരിശോധിക്കും. അതിൽ തന്നെ ചാങ് 8 പരിസ്ഥിതി പരിശോധിക്കുമെന്നും ചന്ദ്രന്റെ ഉപരിതലത്തിൽ 3D പ്രിന്റിങ് നടത്തുവാൻ ശ്രമിക്കുമെന്നും ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനിലെ സയന്റിസ്റ്റ് വു വെയ്റൻ പറഞ്ഞതായി ചൈന ഡെയിലി റിപ്പോർട്ട് ചെയ്തു.
5 വർഷത്തിനുള്ളിൽ ചൈനക്ക് ചന്ദ്രനിലെ മണ്ണുകൊണ്ട് തന്നെ ഒരു വാസസ്ഥലം സ്ഥാപിക്കണം എന്നും ചന്ദ്രനിലെ മണ്ണുകൊണ്ട് കല്ല് നിർമിക്കാൻ കഴിയുന്ന ഒരു റോബോട്ടിനെ 2028 ൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ചാങ് 8 ൽ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.