Connect with us

chinese economy

ചൈന പ്രതിസന്ധിയിലേക്കോ?

ചൈനയുടെ 2022ലെ ജി ഡി പി വളര്‍ച്ചാ നിരക്ക് വെറും 2.8 ശതമാനം മാത്രമാകുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രത്തെ ഇത്തരമൊരു സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് വഴി നടത്തിയ യഥാര്‍ഥ കാരണങ്ങളെ വിശകലന വിധേയമാക്കാം.

Published

|

Last Updated

കിഴക്കന്‍ ഏഷ്യ, പസഫിക് രാഷ്ട്രങ്ങളുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് പ്രവചിച്ചുകൊണ്ടുള്ള റിപോര്‍ട്ട് കഴിഞ്ഞ ദിവസം ലോക ബേങ്ക് പുറത്തുവിട്ടിരുന്നു. പ്രവചനത്തിലെ പ്രധാന നിഗമനങ്ങള്‍ ഇങ്ങനെയാണ്. ‘വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി ചുരുങ്ങുന്നതാണ്. മൊത്തം ജി ഡി പിയുടെ 86 ശതമാനവും പ്രതിനിധാനം ചെയ്യുന്ന ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തകര്‍ച്ചക്ക് കാരണമാകുന്നത്. ചൈനയുടെ സീറോ-കൊവിഡ് പദ്ധതിയും റിയല്‍ എസ്റ്റേറ്റ് ബബ്‌ളുമാണ് രാഷ്ട്രത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.’ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ 2022ലെ ജി ഡി പി വളര്‍ച്ചാ നിരക്ക് വെറും 2.8 ശതമാനം മാത്രമാകുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രത്തെ ഇത്തരമൊരു സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് വഴി നടത്തിയ യഥാര്‍ഥ കാരണങ്ങളെ വിശകലന വിധേയമാക്കാം.

എന്താണ് സീറോ – കൊവിഡ് പദ്ധതി?

കൊവിഡ് 19ന്റെ വ്യാപനം പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് സര്‍ക്കാര്‍ “സീറോ കൊവിഡ്’ നയം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ബീജിംഗ്, ഷാംഗ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പോലും കര്‍ശനമായ ലോക്ക്ഡൗണുകളും വ്യാപകമായ ക്വാറന്റൈനുകളും ഏര്‍പ്പെടുത്തുകയുണ്ടായി. നഗരങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി വീണ്ടും പഴയ സ്ഥിതിയില്‍ സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിനായാണ് ഇത്തരമൊരു നടപടിക്രമം കൈക്കൊണ്ടത്. വാസ്തവത്തില്‍, ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയാണ് ചെയ്തത്. മാത്രമല്ല, 2022ലും 23ലും ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി, ലോക ബേങ്ക് അടക്കം സകല സാമ്പത്തിക സ്ഥാപനങ്ങളും നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ലോക ബേങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കിഴക്കന്‍ ഏഷ്യ- പസഫിക് മേഖലയിലെ ആകെ ജി ഡി പിയുടെ വളര്‍ച്ച മുരടിക്കാനുള്ള കാരണങ്ങളിലൊന്നായും സീറോ-കൊവിഡ് പദ്ധതി മാറി.

എന്താണ് റിയല്‍ എസ്റ്റേറ്റ് ബബ്ള്‍?

1949ലാണ് ആധുനിക ചൈന നിലവില്‍ വരുന്നത്. ഈയൊരു കാലഘട്ടം പരിഗണിക്കുമ്പോള്‍ ചൈനയുടെ ആകെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, വെറും മൂന്ന് മുതല്‍ ഇരുപത് ശതമാനം വരുന്ന ജനങ്ങള്‍ മാത്രമായിരുന്നു നഗരവാസികളായിട്ടുള്ളത്. എന്നാല്‍, 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ചൈനയുടെ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെയും നഗരവാസികളായി മാറി എന്നതാണ് ഔദ്യോഗിക കണക്ക് വെളിപ്പെടുത്തുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി മള്‍ട്ടി നാഷനല്‍ കമ്പനികള്‍ ഈയൊരു കാലയളവില്‍ ചൈനയില്‍ വരുന്നുണ്ട്. ഇത് കാരണമായി നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ കൂടുന്നു. മാത്രമല്ല നഗരവാസികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടാകുന്നു. സ്വാഭാവികമായും, നഗരങ്ങളിലെ വീടുകള്‍ക്കും സ്ഥലങ്ങള്‍ക്കും വലിയ തോതിലുള്ള ഡിമാന്‍ഡ് ഉയര്‍ന്നു വന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംഭവിക്കാനിരിക്കുന്ന വന്‍തോതിലുള്ള ലാഭക്കച്ചവടം മുന്നില്‍ കണ്ട് 1996ല്‍ എവര്‍ഗ്രാന്‍ഡ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി തുടക്കം കുറിച്ചു. അതിഭീമമായ ഡിമാന്‍ഡ് നിലനില്‍ക്കുന്ന മേഖലയായത് കൊണ്ട് തന്നെ ദ്രുതഗതിയില്‍ കമ്പനി വളര്‍ന്നു. മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ തോതിലുള്ള ഇന്‍വെസ്റ്റ്‌മെന്റുകളും വര്‍ധിക്കുകയുണ്ടായി.
ആവശ്യത്തിലധികം സ്ഥലങ്ങള്‍ വാങ്ങുന്നു, അവിടെ വീടുകള്‍ നിര്‍മിക്കുന്നു, മാന്യമായ ലാഭം കിട്ടുമ്പോള്‍ അത് വില്‍ക്കുന്നു. ഇതായിരുന്നു ചൈനയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഇന്‍വെസ്റ്റ്‌മെന്റ് രീതി. ഈയൊരു സിസ്റ്റത്തെ മണി ചെയിൻ അല്ലെങ്കില്‍ പോണ്‍സി സ്‌കീം എന്നൊക്കെയാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ജനകീയമായി പിന്തുടര്‍ന്ന ഒരു നിക്ഷേപ രീതിയായതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ജനങ്ങളും ഇതില്‍ നിന്ന് മികച്ച ലാഭം കൊയ്തിട്ടുണ്ട്. ഇത്രത്തോളം വിജയകരമായി തുടര്‍ന്ന ഈ വിപണിയുടെ താഴ്ചക്ക് ഹേതുവായി തീര്‍ന്നത് അമിതോത്പദനമാണ്. മാര്‍ക്കറ്റിലെ അധിക ഉത്പാദനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഡിമാന്‍ഡിനെ സാരമായി ബാധിച്ചു. ഇതോടെ വിപണി സാധ്യത തകര്‍ച്ചയിലും, അവ കേന്ദ്രീകരിച്ചുള്ള ഇടപഴക്കം നഷ്ടത്തിലും പര്യവസാനിച്ചു. വലിയ ഡിമാന്‍ഡും / അതിലേറെ വളര്‍ച്ചാ സാധ്യതയുമുള്ള മേഖലയാണെങ്കില്‍ പോലും, നിശ്ചിത പരിധി പിന്നിടുമ്പോള്‍ തകര്‍ച്ചക്ക് തുടക്കം കുറിക്കപ്പെടും. അത് തന്നെയാണ് ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും എവര്‍ഗ്രാന്‍ഡ് ഗ്രൂപ്പിനും സംഭവിച്ചിരിക്കുന്നത്. തുടക്ക കാലത്ത് ഭീമമായ ലാഭം കൊയ്ത കമ്പനിയായിരുന്നു. എന്നാല്‍ നിലവില്‍ കോടിക്കണക്കിന് കെട്ടിടങ്ങളും വീടുകളും വില്‍ക്കാന്‍ കഴിയാത്ത വിധം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയുമാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 6.5 കോടിയോളം ബില്‍ഡിംഗുകളാണ് ചൈനയില്‍ ആള്‍താമസമില്ലാതെ കിടക്കുന്നത്. ചൈനയുടെ ആകെ ജി ഡി പിയുടെ ഏകദേശം 24 ശതമാനവും, ആകെ തൊഴിലിന്റെ 25 ശതമാനവും, മൊത്തം വായ്പയുടെ 30 മുതല്‍ 35 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വിഹിതമാണെന്നത് മറ്റൊരു സത്യമാണ്. ആയതിനാല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ തകര്‍ച്ച ചൈനയുടെ ആകെ വളര്‍ച്ചാ നിരക്കിനെ ശക്തമായി തന്നെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും ലോക സമ്പദ് വ്യവസ്ഥയും

2001ല്‍ ചൈന ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നതോടെ, ആഗോള തലത്തില്‍ ചൈനയുടെ സാമ്പത്തിക രംഗം വളര്‍ച്ച പ്രാപിച്ചു തുടങ്ങി. മാത്രമല്ല, ക്രമേണ ചൈന അമേരിക്കയെയും മറികടന്ന് ആഗോള വ്യാപാര സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുകയാണ് ചെയ്തത്. ആപ്പിളും ടെസ്ലയും ഉള്‍പ്പെടെ നിരവധി വന്‍കിട കമ്പനികളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ വ്യാപകമായി. 2001ല്‍, ആഗോളാടിസ്ഥാനത്തിലുള്ള ചൈനയുടെ കയറ്റുമതിയുടെ സാന്നിധ്യം കേവലം നാല് ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2021ല്‍ എത്തിനില്‍ക്കുമ്പോള്‍ അത് നാലിരട്ടിയായി വികസിച്ചു. അഥവാ 15 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ യു എസിന്റെ വിഹിതം 12 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറയുകയാണ് ചെയ്തത്. യു എസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന വികസിച്ചുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ 2022ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ ചൈനയെ മാത്രമല്ല, ലോക സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അഥവാ, വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.6 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി ഇടിയുമെന്നാണ് കരുതുന്നത്. ഇതിന്റെ പ്രധാന കാരണം ചൈനയിലെയും റഷ്യയിലെയും മാന്ദ്യമാണ്. ലോകത്തെ മൊത്തം കയറ്റുമതിയിലെ 10.78 ശതമാനവും ചൈനയില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ ചൈനയില്‍ നിന്ന് കയറ്റുമതി കുറയുന്ന പക്ഷം ആഗോളതലത്തില്‍ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില ഉയരാനുള്ള സാധ്യത കൂടുതലാണ്.

ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

ചൈനീസ് പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളികളും അതുപോലെ അവസരങ്ങളും നല്‍കുന്നുണ്ട്. യു എസ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം വ്യാപാര ബന്ധം പുലര്‍ത്തുന്നത് ചൈനയോടാണ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പരിശോധിക്കുമ്പോള്‍ 67.08 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിട്ടുള്ളത്. 2013-14 വര്‍ഷങ്ങളിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് 10.7 ശതമാനമായിരുന്നു. എന്നാല്‍, 2020-21ല്‍ ഇത് 16.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇറക്കുമതിയില്‍ ഉള്ളതുപോലെ തന്നെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയുടെ പങ്കും ഇതേ കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ഉയര്‍ന്നതായും കാണാം. ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ഇന്ത്യയിലേക്ക് ഇറക്കുമതിയും ചെയ്യുന്ന വസ്തുക്കളെ പരിശോധിച്ചു കൊണ്ട് നമുക്ക് നിലവിലെ വിപണി സാധ്യതയും പ്രതിസന്ധിയും നിര്‍ണയിക്കാവുന്നതാണ്. രാസവസ്തുക്കള്‍, ധാതു ഇന്ധനങ്ങള്‍ തുടങ്ങിയവയാണ് ചൈനയിലേക്കുള്ള പ്രധാന കയറ്റുമതി. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മെഷിനറികള്‍, ഊര്‍ജ വസ്തുക്കള്‍ തുടങ്ങിയവയാണ് ഇറക്കുമതി വസ്തുക്കള്‍. അപ്പോള്‍ ചൈനയിലെ പ്രതിസന്ധി ഇന്ത്യയുടെ ഇലക്ട്രോണിക് /ഊര്‍ജ മേഖലകളെ സാരമായ രീതിയില്‍ തന്നെ ബാധിച്ചേക്കും. എന്നാല്‍ ഇറക്കുമതി കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പ്രയോഗവത്കരിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് രാഷ്ട്രം സ്വയംപ്രാപ്തരാകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.