National
ലഡാക്കിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിച്ചു; സൈനിക പോസ്റ്റ് മൂന്ന് കിലോമീറ്റർ പിന്നിലേക്ക് മാറ്റി; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഈ വർഷം ജൂലൈ 17 ന് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന കമാൻഡർ തല ചർച്ചകളിൽ മേഖലയിൽ നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി | കിഴക്കൻ ലഡാക്കിൽ, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ചൈനീസ് സൈന്യം പിൻവാങ്ങിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ചൈനീസ് സൈന്യം അവരുടെ സ്ഥാനങ്ങളിൽ നിന്ന് മൂന്ന് കിലോമീറ്റർ പിന്നോട്ട് പോയതായി മാക്‌സർ ടെക്‌നോളജീസിന്റെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2020 മെയ് മാസത്തിൽ, ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം വർദ്ധിച്ചപ്പോൾ, ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ പട്രോളിംഗ് പോയിന്റ് -15 ന് സമീപം വിന്യസിച്ചിരുന്നു.
ഈ വർഷം ജൂലൈ 17 ന് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന കമാൻഡർ തല ചർച്ചകളിൽ മേഖലയിൽ നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സെപ്റ്റംബർ 8 മുതൽ സൈന്യത്തെ പിൻവലിക്കൽ പ്രക്രിയ ആരംഭിച്ചു. സെപ്തംബർ 13 ഓടെ അത് പൂർത്തിയായി. ഇനി ഇരു സൈന്യങ്ങളും ഈ പ്രദേശത്ത് പട്രോളിംഗ് നടത്തില്ല. 2020 ലെ ചൈനീസ് കടന്നുകയറ്റത്തിന് മുമ്പ് ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശമാണിത്.
2021 ഓഗസ്റ്റ് 12ന് ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് ഏരിയയിൽ ഒരു ചൈനീസ് പോസ്റ്റ് ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. എന്നാൽ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രത്തിൽ ഈ പോസ്റ്റ് പൊളിച്ച് നീക്കിയത് വ്യക്തമാണ്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്തതായി ചിത്രങ്ങളിൽ കാണാം. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി ചൈനയുടെ പോസ്റ്റ് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കരാറിന്റെ ഭാഗമായി പട്രോൾ പോയിന്റ് 15ൽ നിന്നും 16ൽ നിന്നും ഇന്ത്യൻ സൈന്യം തങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തതായി ലഡാക്കിലെ പ്രാദേശിക കൗൺസിലർമാർ പറയുന്നു. എന്നാൽ ഡൽഹിയിലെ സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2020 ഏപ്രിൽ-മെയ് മാസങ്ങളിൽ കിഴക്കൻ ലഡാക്കിന്റെ അതിർത്തി പ്രദേശങ്ങളിൽ അഭ്യാസത്തിന്റെ പേരിൽ ചൈന സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ പലയിടത്തും നുഴഞ്ഞുകയറ്റ സംഭവങ്ങളുണ്ടായി. ഇന്ത്യയും ചൈനയ്ക്ക് തുല്യമായ സൈനികരെ ഈ മേഖലയിൽ വിന്യസിച്ചു. ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.