International
ഇസ്‌റാഈലിനെ ഡിജിറ്റല്‍ മാപ്പില്‍ നിന്നൊഴിവാക്കി ചൈനീസ് കമ്പനികള്‍
ഇസ്‌റാഈലിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും നഗരങ്ങളും ഫലസ്തീന്‍ മേഖലയും മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്‌റാഈല്‍ എന്ന് പേര് നല്‍കിയിട്ടില്ല.
ബെയ്ജിങ്| ഗസ്സയില്‍ ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്‌റാഈലിനെ ഭൂപടത്തില്‍ നിന്നൊഴിവാക്കി ചൈനീസ് കമ്പനികള്‍. മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളായ ആലിബാബയും ബൈദുവുമാണ് അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റല്‍ മാപ്പില്‍ നിന്ന് ഇസ്‌റാഈലിനെ ഒഴിവാക്കിയത്. ഇസ്‌റാഈലിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും നഗരങ്ങളും ഫലസ്തീന്‍ മേഖലയും മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്‌റാഈല്‍ എന്ന് പേര് നല്‍കിയിട്ടില്ല.
വളരെ ചെറിയ രാജ്യങ്ങളാണെങ്കില്‍ പോലും ഡിജിറ്റല്‍ മാപ്പുകളില്‍ പേര് കൃത്യമായി നല്‍കാറുണ്ട്. ലക്‌സംബര്‍ഗ്, വത്തിക്കാന്‍ പോലുള്ള ചെറുരാഷ്ട്രങ്ങളുടെ പേര് അടയാളപ്പെടുത്തിയ മാപ്പിലാണ് ഇസ്‌റാഈലിന്റെ പേര് നല്‍കാതിരുന്നത്. ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനൊപ്പം നിലകൊള്ളുന്ന നിലപാടാണ് ചൈനയുടേത്. നിലവിലെ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാര്‍ഥ്യമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിറ്റല്‍ മാപ്പില്‍ നിന്ന് ഇസ്‌റാഈലിനെ ഒഴിവാക്കിയ വിഷയത്തില്‍ ആലിബാബയും ബൈദുവും പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്നും നെതന്യാഹു പറഞ്ഞു.