Xi Jinping
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സഊദിയിലെത്തി
ചൈന- അറബ്, ചൈന- ജി സി സി ഉച്ചകോടികളിൽ പങ്കെടുക്കും
റിയാദ് | ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സഊദി അറേബ്യയിലെത്തി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽ സഊദ് രാജകുമാരൻ, സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസർ അൽ റുമയാൻ, ചൈനയിലെ സഊദി അംബാസഡർ അബ്ദുർറഹ്മാൻ അൽ ഹർബി, സഊദിയിലെ ചൈനീസ് അംബാസഡർ ചെൻ വെയ്‌കിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം.
ചൈന- അറബ് , ചൈന- ജി സി സി ഉച്ചകോടികളിൽ ഷി ജിൻപിംഗ് പങ്കെടുക്കും. സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുന്ന സഊദി- ചൈന ഉച്ചകോടിയെയാണ് ലോകം ഉറ്റുനോക്കുന്നത്. 2016ന് ശേഷം സഊദിയിലേക്കുള്ള ഷിയുടെ ആദ്യ യാത്ര കൂടിയാണിത്. സഊദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജി സി സി രാജ്യങ്ങളുടെ നേതാക്കളുമായും ഷി ജിൻപിംഗ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും 30 ബില്യൺ ഡോളറിന്റെ 20ലധികം കരാറുകളിൽ ഒപ്പുവെക്കുമെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ക്രൂഡ് ഓയിലിന്റെ ആഗോള വിതരണക്കാരുമാണ് സഊദി. കഴിഞ്ഞ വർഷം ചൈനീസ് എണ്ണ ഇറക്കുമതിയുടെ 17 ശതമാനവും സഊദിയിൽ നിന്നായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്താവായ ചൈന, ഗൾഫ് എണ്ണ- വാതക ഉൽപ്പാദകരുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്.