chinese provocation
വീണ്ടും ചൈനീസ് പ്രകോപനം; അരുണാചലിനെ ഉള്‍പ്പെടുത്തി ഔദ്യോഗിക ഭൂപടം ഇറക്കി
തെക്കന്‍ തിബത്ത് ആയാണ് അരുണാചല്‍ പ്രദേശ് ചൈനീസ് ഭൂപടത്തിലുള്ളത്.
ബീജിംഗ് | ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈന. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെയും അക്‌സായ് ചിന്‍ പ്രദേശത്തെയും ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചു. ഈ രണ്ട് മേഖലകളും തങ്ങളുടെ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ടാണ് ഭൂപടം ഇറക്കിയത്.
ഈ വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് മാപ്പിലാണ് ചൈനീസ് പ്രകോപനം. ഇന്നലെയാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. തെക്കന്‍ തിബത്ത് ആയാണ് അരുണാചല്‍ പ്രദേശ് ചൈനീസ് ഭൂപടത്തിലുള്ളത്. അക്‌സായ് ചിന്‍ ചൈനീസ് ഭൂപ്രദേശമാണെന്നും 1962ലെ യുദ്ധത്തില്‍ പിടിച്ചെടുത്തതാണെന്നും പറയുന്നു.
തായ്വാനും തര്‍ക്കപ്രദേശമായ സൗത്ത് ചൈന കടലും ചൈനീസ് ഭൂപ്രദേശമായി ഭൂപടത്തിലുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളും സൗത്ത് ചൈന കടലില്‍ അവകാശവാദമുയര്‍ത്തുന്നുണ്ട്. സര്‍വേ- മാപ്പിംഗ് പബ്ലിസിറ്റി ദിനത്തില്‍ ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.