From the print
ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലേക്ക്; ആശങ്കയുമായി ഇന്ത്യ
നയതന്ത്ര ബന്ധത്തിലെ വിള്ളല്‍. കപ്പല്‍ ഫെബ്രുവരി എട്ടോടെ മാലി തീരത്ത് നങ്കൂരമിടും
ന്യൂഡല്‍ഹി | ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലേക്ക് എത്തിയതില്‍ ആശങ്കയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ രഗംത്തെത്തിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തത്. ഇതിന് പിന്നാലെ മാര്‍ച്ച് 15നകം മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ആവശ്യപ്പെട്ടിരുന്നു.
മുഇസ്സു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇന്ത്യക്ക് അന്ത്യശാസനം നല്‍കിയത്. തുടര്‍ന്ന് ചൈനീസ് ചാരക്കപ്പലിന് മാലിയില്‍ പ്രവേശിക്കുന്നതിന് മുഇസ്സു സര്‍ക്കാര്‍ അനുമതിയുംനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് ചാരക്കപ്പലായ സിയാംഗ് യാംഗ് ഹോംഗ് 03 മാലദ്വീപിലേക്ക് തിരിച്ചത്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും ഗവേഷകനുമാണ് ഇക്കാര്യം അറിയിച്ചത്. മുഇസ്സു അടുത്തിടെ നടത്തിയ ചൈനാ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ചില ചൈനീസ് നേതാക്കളും മാലദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. മുഇസ്സു സര്‍ക്കാറിന്റെ ഇന്ത്യാ വിരുദ്ധ നിലപാടും ചൈനയോടുള്ള കൂറുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ജാവക്കും സുമാത്രക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പല്‍ ഇപ്പോള്‍ ഇന്തോനേഷ്യയുടെ തീരത്തെത്തിയതായി മറൈന്‍ ട്രാക്കര്‍ ആപ്പില്‍ കാണിക്കുന്നുണ്ട്. ഈ കപ്പല്‍ ഫെബ്രുവരി എട്ടിന് മാലി തീരത്തെത്തുമെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും ഗവേഷകനുമായഡാമിയന്‍ സൈമണ്‍ പറയുന്നു.
4,300 ടണ്‍ ഭാരമുള്ള സിയാംഗ് യാംഗ് ഹോംഗ് 03 ചൈനയുടെ ആദ്യ ചാരക്കപ്പലാണ്. വെള്ളത്തിനടിയിലെ ഭൂകമ്പങ്ങള്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലാണിത്. അന്തര്‍വാഹിനികളും മുങ്ങിപ്പോകുന്ന ഡ്രോണുകളും ഉപയോഗിച്ച് സമുദ്രത്തിലൂടെ സഞ്ചരിക്കാന്‍ ഈ കപ്പലിന് കഴിയും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് ചാരക്കപ്പല്‍ നങ്കുരമിടുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീലങ്ക ഉള്‍പ്പെടെ ഇന്ത്യയുടെ തെക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലെ നാല് സ്ഥലങ്ങളില്‍ ചൈനയുടെ പതാകയുള്ള ഇത്തരം കപ്പലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട, പാകിസ്താനിലെ കറാച്ചി, ആഫ്രിക്കയിലെ ജിബൂട്ടി, മാലദ്വീപ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്. 2022 ആഗസ്റ്റില്‍, ജിബൂട്ടിയില്‍ ചൈനീസ് നാവിക താവളം പ്രവര്‍ത്തനക്ഷമമാകുകയും ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ഈ മേഖലയില്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്പ് മറ്റൊരു ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 06 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചിരുന്നു.