india- china border issue
നിയന്ത്രണ രേഖയിൽ ചൈനീസ് ഭീഷണി; ശത്രു ടാങ്കുകളെ തകർക്കാൻ മിസൈലുകൾ സജ്ജം
തവാംഗ് സെക്ടറിൽ ടാങ്ക് പ്രതിരോധ സേനയുടെ മിസൈൽ അഭ്യാസം
തവാംഗ് | നിയന്ത്രണ രേഖയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യ സൈനികാഭ്യാസം നടത്തി. ടാങ്ക് പ്രതിരോധ സേന മിസൈൽ ഉപയോഗിച്ച് ലക്ഷ്യം തകർക്കുന്ന വീഡിയോ സൈന്യം പുറത്തുവിട്ടു. പർവതമുകളിൽ സ്ഥാപിച്ച ടാങ്കുകളും ബങ്കറുകളിൽ സൈനികർ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം പ്രദേശത്തെ കാഴ്ചാപരിധി കുറവാണ്. ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (എ ടി ജി എം) ഉപയോഗിച്ചായിരുന്നു ആക്രമണം.
എൽ- 70 വ്യോമാക്രമണ പ്രതിരോധ തോക്കുകളാണ് അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന് വിന്യസിച്ച സൈനികർ ഉപയോഗിക്കുന്നത്. ആളില്ലാ യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ളതാണ് എൽ- 70 തോക്ക്. യുദ്ധകോപ്റ്ററുകൾക്കും ആധുനിക യുദ്ധവിമാനങ്ങൾക്കു നേരെയും ഇതുപയോഗിച്ച് വെടിയുതിർക്കാനാകും. എം-777 പീരങ്കികളും സ്വീഡിഷ് ബൊഫേഴ്‌സ് തോക്കുകളും സൈനികർ ഉപയോഗിക്കുന്നുണ്ട്.
ഏതാനും ആഴ്ച മുമ്പ് ഇരുനൂറോളം ചൈനീസ് സൈനികർ അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ഇതേതുടർന്നാണ് അതിർത്തിയിൽ ഇന്ത്യ സേനാ വിന്യാസം വർധിപ്പിച്ചത്.
1962ലെ ഇന്ത്യ- ചൈന യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചൈന തവാംഗ് കീഴടക്കി തിബറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. അരുണാചൽ പ്രദേശ് തെക്കൻ തിബറ്റാണെന്നാണ് ചൈനീസ് വാദം.
കഴിഞ്ഞ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടർന്ന് ഇരുപക്ഷത്ത് നിന്നും നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ നന്ദാ ദേവി സംരക്ഷിത ജൈവ മേഖലയുടെ വടക്കായി ബാരാഹട്ടി പ്രദേശത്ത് നിയന്ത്രണരേഖ ലംഘിച്ച് അഞ്ച് കിലോമീറ്ററോളം ചൈനീസ് സൈനികർ എത്തിയിരുന്നു. ഇതേതുടർന്ന് ഇരുരാജ്യങ്ങളും 60,000ത്തോളം സൈനികരെയാണ് നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്.