Connect with us

First Gear

ചിപ്പ് പ്രതിസന്ധി; ഒല സ്‌കൂട്ടറുകളുടെ ഡെലിവറി വൈകും

ആദ്യ ബാച്ച് ഡെലിവറി ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാനാണ് സാധ്യത.

Published

|

Last Updated

ന്യൂഡല്‍ഹി| ആഗോളതലത്തിലെ ചിപ്പുകളുടെ ദൗര്‍ലഭ്യം കാരണം ഒല ഇലക്ട്രിക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടത്.

ആദ്യ ബാച്ച് ഡെലിവറി ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-സ്‌കൂട്ടറിന്റെ ഒരു യൂണിറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഡെലിവറിയുടെ കാലതാമസം ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി കമ്പനി ഒരു മെയില്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണെന്നും കമ്പനി മെയില്‍ വഴി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

വാഹനങ്ങള്‍ കൃത്യസമയത്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ നവംബര്‍ 10-ന് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള അവസാന പേയ്മെന്റ് വിന്‍ഡോ ഓല ഇലക്ട്രിക് തുറന്നിരുന്നു. അന്നു തന്നെ ബെംഗളുരു, ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി കമ്പനി ടെസ്റ്റ് റൈഡുകളും ആരംഭിച്ചു. നവംബര്‍ 19 ന് മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, പൂണെ എന്നീ അഞ്ച് നഗരങ്ങളിലും കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു.

നവംബര്‍ 27 മുതല്‍ സൂറത്ത്, തിരുവനന്തപുരം, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂര്‍, വഡോദര, ഭുവനേശ്വര്‍, തിരുപ്പൂര്‍, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഒല ഇലക്ട്രിക് ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കും. ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ എസ്1 വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില, എസ്1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് സംസ്ഥാന സബ്സിഡികള്‍ കൂടാതെയുള്ള എക്‌സ് ഷോറൂം വില.

 

Latest