Connect with us

Pathanamthitta

ചിറ്റാര്‍, സീതത്തോട് അതിര്‍ത്തി പ്രദേശങ്ങളില്‍ രാപകല്‍ കാട്ടാന ശല്യം;വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

രാത്രിയാത്രക്കാര്‍ അടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന ചിറ്റാര്‍ - സീതത്തോട് പാതയില്‍ ഡെല്‍റ്റപ്പടിക്കു സമീപമാണ് ആനകളെ കഴിഞ്ഞദിവസങ്ങളില്‍ റോഡില്‍ കണ്ടത്

Published

|

Last Updated

ചിറ്റാര്‍ |  ചിറ്റാര്‍, സീതത്തോട് അതിര്‍ത്തി പ്രദേശങ്ങളില്‍ രാപകല്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നാളെ വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എല്ലാദിവസവും ചിറ്റാര്‍ – സീതത്തോട് പ്രധാന പാതയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ട്. വൈകുന്നേരം കാടിറങ്ങുന്ന രണ്ട് കൊമ്പനാനകള്‍ കക്കാട്ടാറ് മറുകര കടന്ന് ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും പ്രവേശിക്കുകയാണ്. രാത്രിയില്‍ ഇവിടെ തങ്ങി പിറ്റേന്ന് രാവിലെ റോഡ് കുറുകെ കടന്ന് തിരികെ പോകുന്ന രീതിയാണ് ഉള്ളത്. നേരം പുലര്‍ന്നാലും ആന ജനവാസ മേഖലയില്‍ പലപ്പോഴും തുടരുകയാണ്. രാത്രിയാത്രക്കാര്‍ അടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന ചിറ്റാര്‍ – സീതത്തോട് പാതയില്‍ ഡെല്‍റ്റപ്പടിക്കു സമീപമാണ് ആനകളെ കഴിഞ്ഞദിവസങ്ങളില്‍ റോഡില്‍ കണ്ടത്. റോഡിന്റെ ഇരുഭാഗത്തും വനപാലകര്‍ രാത്രിയും രാവിലെയും ഇപ്പോള്‍ ഡ്യൂട്ടിയിലാണ്. ആനയെ കണ്ടാല്‍ വാഹനങ്ങള്‍ തടഞ്ഞിടും. ബസുകളും മറ്റു വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. ഗവിയിലേക്കുള്ള സഞ്ചാരികളുടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ആനയെ സ്ഥിരമായി കാണുന്ന ഭാഗത്ത് സ്ഥാപിക്കാന്‍ വനംവകുപ്പ് ബോര്‍ഡ് തയാറാക്കിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പു കാരണം വയ്ക്കാനായില്ല. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാലെ രാവിലെ പത്തിന് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍ ഉദ്ഘാടനം ചെയ്യും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്്റ് ബീന മുഹമ്മദ് റാഫി വിഷയം അവതരിപ്പിക്കും. ജോണി കെ ജോര്‍ജ് പ്രസംഗിക്കും.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: എം പി
ചിറ്റാര്‍: കാട്ടാന ഭീതിയില്‍ കഴിയുന്ന ചിറ്റാര്‍ 86 ഡെല്‍റ്റപ്പടി ഭാഗത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എം പി. ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാന ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിയും നശിപ്പിക്കുന്ന കാട്ടാന ജനവാസ മേഖലകളിലേക്കും പൊതുനിരത്തിലേക്കും ഇറങ്ങിയത് ഭീതി വര്‍ധിപ്പിക്കുന്നു. സീതത്തോട് – ചിറ്റാര്‍ പ്രധാന പാതയിലെ ആനകളുടെ സാന്നിധ്യം വാഹനഗതാഗത്തെ പോലും ബാധിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യത്തില്‍ ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് എംപി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം സഞ്ചരിക്കുന്ന പാതയാണിത്. പ്രദേശവാസികളുടെ രാത്രികാലയാത്ര ദുരിതത്തിലായിരിക്കുകയാണ്. കക്കാട്ടാര്‍ നീന്തി കടന്നുവരുന്ന കൊമ്പനാനകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവത്തിലെടുത്ത് നടപടി ഉണ്ടാകണമെന്ന് റാന്നി ഡിഎഫ്ഒയോട് എംപി ആവശ്യപ്പെട്ടു. കാട്ടു മൃഗങ്ങളെ കാട്ടില്‍ തന്നെ നിലനിര്‍ത്തുവാനുള്ള ചുമതല വനം വകുപ്പിനാണ്. വനത്തോടുചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതലയും വനപാലകര്‍ക്കുണ്ട്. വനംവകുപ്പ് അനാസ്ഥ തുടര്‍ന്നാണ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആന്റോ ആന്റണി പറഞ്ഞു.

 

Latest