Malabar Movement 1921
ഓർമകളുടെ ഓരത്ത് ചോക്കാട് ചിങ്കക്കല്ല്
വാരിയംകുന്നന്റെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട്
കാളികാവ് | വാരിയംകുന്നനും മലബാർ സമരചരിത്രവും പുതിയ വിവാദം കത്തിനിൽക്കേ വാരിയംകുന്നന്റെ ജ്വലിക്കുന്ന ഓർമകളും ഒളിവുജീവിതവും നയിച്ച ചിങ്കക്കല്ലിന് പറയാനുള്ളത് ധീരയോദ്ധാവിന്റെയും അനുയായികളുടെയും വൈദേശീകാധിപത്യത്തിനെതിരെ പൊരുതിയ സമരചരിത്രം.
വാരിയംകുന്നൻ അവസാന നാളിൽ ഒളിച്ചുപാർത്ത പാറകളും മലവാരങ്ങളും ചരിത്രാന്വേഷികൾക്ക് വെളിച്ചം നൽകും. 1922 ജനുവരി അഞ്ചിനാണ് ചിങ്കക്കല്ലിലെ ഓലള പാറക്കെട്ടുകളിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടുന്നത്. ചോക്കാട് കല്ലാമൂലയിലെ ചിങ്കക്കല്ല് മലവാരത്തിലുള്ള ഈ പാറയുടെ താഴ്ഭാഗത്തുള്ള ഗുഹയിൽ നിന്നാണ് പിടികൂടിയത്.
മലബാർ കലാപത്തിന്റെ ഭാഗമായി ചെമ്പ്രശ്ശേരി തങ്ങളും ആലി മുസ്‌്ലിയാരും ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായതോടെയാണ് സുരക്ഷിതതാവളം തേടി വാരിയംകുന്നൻ ചിങ്കക്കല്ല് മലയിലെത്തിയത്. വാരിയംകുന്നത്തിനെ ഏത് വിധേനയും പിടികൂടുകയെന്ന ലക്ഷ്യവുമായി മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് “ബാറ്ററി’ എന്ന പേരിൽ പ്രത്യേക സേന തന്നെ രൂപവത്കരിച്ചു. ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയംകുന്നത്തിന്റെ താവളം കണ്ടെത്തി.
ഒളിവിൽ പാർത്തുവന്ന കുഞ്ഞഹമ്മദ് ഹാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. തുടർന്ന് കാളികാവ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കാൽനടയായും കുതിരവണ്ടിയിലുമായി അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. 1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മാദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
മലബാർ സമര ചരിത്രത്തിന് നൂറ് വർഷം പിന്നിടുമ്പോഴും സാമ്രാജ്യത്വ പോരാട്ട വീഥിയിൽ പൊരുതിവീണ സമരനായകന്റെ കാൽപാടുകൾ പതിഞ്ഞ സഹ്യന്റെ മടിത്തട്ടിലെ പർവതനിരകളിൽ ആ പോരാട്ടവീര്യത്തിന്റെ പ്രകമ്പനങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ട്.
ധീരദേശാഭിമാനിയായ വാരിയംകുന്നത്തിന് ഉചിതമായ സ്മാരകം പണിയുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കിവെക്കുകയും ചോക്കാട്ടിൽ സ്മാരകത്തിനായി രണ്ടു സ്ഥലം കണ്ടുവെക്കുകയും ചെയ്തിട്ടുണ്ട്.