Connect with us

Editors Pick

കേരളത്തിൽ വീണ്ടും കോളറ; എന്തെല്ലാം ശ്രദ്ധിക്കണം?

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്.

Published

|

Last Updated

സംസ്ഥാനത്ത് നാല് കോളറ കേസുകൾ സ്ഥിരീകരിച്ചതായുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നും രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുവർഷം മുൻപ് 2017 ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണം ഉണ്ടായത്.

എന്താണ് കോളറ?

ജലത്തിലൂടെ പകരുന്ന രോഗങ്ങളിൽ ഒന്നാണ് കോളറ. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ കോളറ ടോക്സിൻ എന്ന വിഷ വസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷ വസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.

മനുഷ്യരുടെ മല വിസർജനം വഴി പുറത്താക്കുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം നിലനിൽക്കാൻ കഴിയും. കുടിവെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്ന രോഗാണുക്കൾ മറ്റുള്ള ആളുകൾക്കും ഈ പ്രശ്നം ഉണ്ടാക്കും.

ഈ രോഗം പരത്തുന്നതിൽ ഈച്ചയ്ക്കും ഒരു വലിയ പങ്കുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിന് കാരണക്കാരൻ ആകാനും കോളറക്കാകും.

ലക്ഷണങ്ങൾ

വയറിളക്കവും ഛർദിയും ആണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗലക്ഷണങ്ങളും പെട്ടെന്ന് തന്നെ അത് മറ്റൊരാളിലേക്ക് പകരാനുള്ള കഴിവും കോളറയുടെ മാത്രം പ്രത്യേകതയാണ്. മറ്റുതരം വയറിളക്കളോടൊപ്പം ഉണ്ടാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണാറില്ല.

രോഗം പിടിപെട്ടാൽ രോഗിയുടെ ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം,നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണു പോകുക,ബോധക്കേട് ഉണ്ടാവുക എന്നിവയൊക്കെ സാധാരണ ലക്ഷണങ്ങളാണ്.

പ്രതിരോധ മാർഗങ്ങൾ

  • ചുറ്റുപാടുകൾ മലിനമാകാതെ സൂക്ഷിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ജലാശയങ്ങൾ മലിനമാക്കരുത്.
  • കോളറബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
  • ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക.
  • ഈച്ചകൾ പെരുകുന്നത് തടയുക.
  • പഴങ്ങൾ–പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക.
  • ശൗചാലയത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക.
  • കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക.

ഒരല്പം ജാഗ്രത പാലിച്ചാൽ കോളറയെയും തടയാൻ പറ്റും. ഈ മഴക്കാലം പകർച്ചവ്യാധികളുടെ പെരുമഴക്കാലം കൂടിയാണ് കോളറ പോലെ ഒരു വിപത്തിനെ കൂടി വിളിച്ചു വരുത്താതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ ശ്രമിക്കുകയും പ്രധാനമാണ്. അസുഖ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടറുടെ സഹായം തേടണം.

Latest