Connect with us

Kerala

ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കേന്ദ്രം അംഗീകരിച്ചത് കേരളത്തിന്റെ ഒരു ആവശ്യം മാത്രം: കെ രാജന്‍

എത്രയും വേഗം തീരുമാനമെടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ എന്തിനാണ് ഇത്ര സമയം എടുക്കുന്നതെന്ന് മനസിലാവുന്നില്ല,153 ദിവസം വൈകിയെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

ദുരന്തമുണ്ടായ ആദ്യസമയത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ വെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് അംഗീകരിക്കപ്പെട്ടത്.കേന്ദ്രം തീരുമാനമെടുക്കാന്‍ ഏറെ വൈകി. 153 ദിവസം പിന്നിട്ടതിന് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എത്രയും വേഗം തീരുമാനമെടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ എന്തിനാണ് ഇത്ര സമയം എടുക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.നിലവിലുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാനും പുതിയതായി കടമെടുക്കാന്‍ അവസരം നല്‍കുന്നതുമായ ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ ഡിസാസ്റ്റര്‍ എന്ന വിഭാഗത്തില്‍ മേപ്പാടി ദുരന്തത്തെ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിലൊന്നും തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തിന്റെ തീവ്രത കാണിച്ച് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങള്‍ക്ക് അതീതമായി അഡീഷണല്‍ സഹായമായി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കേന്ദ്രം ഒന്നും മിണ്ടിയില്ല.സഹായത്തിനുവേണ്ടി 154 ദിവസത്തിനിടയില്‍ എല്ലാ ശ്രമങ്ങളും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

Latest