Kerala
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: സുപ്രീം കോടതിയില്‍ അപ്പീലുമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ്
അപ്പീല്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

വയനാട് | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍. ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്നും ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. നിര്‍ദ്ദേശമുണ്ടായിരുന്നു.
549 കോടി നഷ്ടപരിഹാരം വേണമെന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. പുനരധിവാസത്തിനായി ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയ്ക്ക് 549 കോടി രൂപയുടെ മൂല്യമുണ്ടെന്നും എന്നാല്‍, 26.5 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ഇതു വളരെ അപര്യാപ്തമായ തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.