International
ന്യൂസിലന്‍ഡിൽ ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയാകും
നിലവില്‍ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പുകളുടെ മന്ത്രിയാണ് 44 കാരനായ ഹിപ്കിന്‍സ്.
വെല്ലിംഗ്ടൺ | ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ സ്ഥാനമൊഴിയുമ്പോൾ പുതിയ പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് അധികാരമേൽക്കുമന്ന് റിപ്പോർട്ടുകൾ. നിലവില്‍ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പുകളുടെ മന്ത്രിയാണ് 44 കാരനായ ഹിപ്കിന്‍സ്.
പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന് ഞായറാഴ്ച ചേരുന്ന പ്രതിനിധി സഭയിൽ ലേബർ പാർട്ടി ഔദ്യോഗികമായി അംഗീകാരം നൽകേണ്ടതുണ്ട്. ലേബർ പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ ജസീന്ത ആർഡേൻ ഗവർണർ ജനറലിന് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് അവർ ഹിപ്കിൻസിനെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്യും.
2008 ല്‍ ആണ് ഹിപ്കിൻസ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2020 നവംബറില്‍ കോവിഡ് -19 മന്ത്രിയായി അദ്ദേഹം നിയമിതനായിരുന്നു. നിലവില്‍ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. നീതിന്യായ മന്ത്രി കിരി അലൻ രാജ്യത്തിന്റെ ആദ്യത്തെ മാവോറി ഗോത്രവർഗ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഹിപ്കിൻസിന്റെ നിയമനം.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ജസീന്ത രാജി പ്രഖ്യാപനം നടത്തിയത്. ഒരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് വ്യക്തമാക്കിയാണ് കാലാവധി തീരാൻ പത്ത് മാസം ശേഷിക്കെ ജസീന്ത പടിയിറങ്ങിയത്.