zero malabar sabha
കേരളത്തില്‍ ക്രൈസ്തവര്‍ കുറയുന്നു; ആശങ്ക ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
സഭാ വിശ്വാസികള്‍ വിദേശ ജോലിയോടും വിദേശവാസത്തോടുമുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യം
തൃശ്ശൂര്‍ | സംസ്ഥാനത്ത് ക്രൈസ്തവര്‍ കുറയുന്നതായ തൃശ്ശൂര്‍ അതിരൂപത ബിഷപ്പിന്റെ പ്രസ്താവനക്ക് പിന്നാലെ സമാന ആശങ്ക അറിയിച്ച് സിറോ മലബാര്‍ സഭ. സഭാ വിശ്വാസികള്‍ക്കായി ഇറക്കിയ കൈപുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെക്കുന്നത്. മറ്റ് സമുദായങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പുസ്തകം തയ്യാറാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. സഭാ വിശ്വാസികള്‍ വിദേശ ജോലിയോടും വിദേശവാസത്തോടുള്ള ഭ്രമവും ഉപേക്ഷിക്കണമെന്ന് കൈപുസ്തകം ആഹ്വാനം ചെയ്യുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ അതിരൂപത ബിഷപ്പ് ആന്റണി കരിയിലിന്റെ സമാന രീതിയിലുള്ള പ്രസംഗം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് 1911 മുതലുള്ള കണക്കുകള്‍ ഉദ്ധരിച്ച് തയ്യാറാക്കിയതെന്ന തരത്തില്‍ കൈപുസ്തകം ഇറക്കിയിരിക്കുന്നത്.
2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു. പ്രതിസന്ധി മറികടക്കാന്‍ ക്രൈസ്തവവര്‍ അംഗബലം കൂട്ടണമെന്നും പുസ്തകത്തിലുണ്ട്.
കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ളത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനന നിരക്കെന്നും കൈപുസ്തകത്തില്‍ പറയുന്നു.