Connect with us

Prathivaram

സാഹസങ്ങളുടെ ഹജ്ജോർമകൾ

ഹാജി മാസ്റ്റർ പോയത് കപ്പലിലായിരുന്നു. അക്കാലത്ത് ഹജ്ജിനു പോകാനാഗ്രഹിക്കുന്നവർക്കു മുമ്പിൽ സാങ്കേതിക നൂലാമാലകളൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉണ്ടായിരുന്നുവെങ്കിലും മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മുഗൾ ലൈൻ എന്ന കപ്പൽ കമ്പനിയാണ് ഹാജിമാർക്കുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കാറുള്ളത്. മുഗൾ ലൈൻസിന്റെ പേരിൽ നൂറ് രൂപ മണിയോർഡർ അയച്ചാൽ അവിടെ നിന്നു കപ്പൽ പുറപ്പെടുന്നതിന് ഒരാഴ്ച മുന്പ് മുംബൈയിൽ എത്താനായി അറിയിപ്പും നിർദേശങ്ങളും ലഭിക്കും.

Published

|

Last Updated

പ്രായം മങ്ങലേൽപ്പിച്ച ഓർമകൾ ക്കിടയിലും ഹാജി മാസ്റ്ററുടെ ഹജ്ജ് ഓർമകൾക്ക് യുവത്വത്തിന്റെ വീറ്. തൊണ്ണൂറ് പിന്നിട്ട ഹാജി മാസ്റ്റർക്ക് പലതും ഓർത്തെടുക്കാൻ വിഷമമുണ്ട്. എന്നാൽ അറുപത് വർഷം മുമ്പ് നിർവഹിച്ച ഹജ്ജ് ഓർമകൾക്ക് നിലാവെളിച്ചത്തിന്റെ തിളക്കം

കുടുംബവീട് വിറ്റുകിട്ടിയ ആയിരം രൂപ യുമായാണ് ഹാജി മാസ്റ്റർ ഹജ്ജിനു പുറപ്പെട്ടത്. ഹജ്ജ് കർമത്തോടൊപ്പം മക്കയിലേയും മദീനയിലേയും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു രണ്ടര മാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഹാജി മാസ്റ്ററുടെ കൈയിൽ ബാക്കി 40 രൂപ ഉണ്ടായിരുന്നു. വീട്ടിൽനിന്ന് പുറപ്പെട്ടതും തവാഫ് ഉൾപ്പെടെയുള്ള കർമങ്ങൾ നിർവഹിച്ചു വീട്ടിൽ തിരിച്ചെത്തിയ ദിവസം വരെയുള്ള തീയതികൾ ഡയറിക്കുറുപ്പിലേതെന്ന പോലെ ഹാജി മാസ്റ്റർ ഓർമിച്ചെടുത്തു.

1961 മാർച്ച് 30 ന് വീട്ടിൽ നിന്ന് പുറപ്പെട്ടു. ഏപ്രിൽ 2ന് മുംബൈ വി ടി സ്റ്റേഷനിൽ വണ്ടിയിറങ്ങി. മുസാഫർ ഖാനയിൽ താമസം. ഏപ്രിൽ 7ന് എസ് എസ് മുഹമ്മദി എന്ന കപ്പലിൽ യാത്ര തുടങ്ങി. ഏപ്രിൽ 19ന് മദീനയിൽ. ഏപ്രിൽ 29ന് മക്കയിൽ തിരിച്ചെത്തി. മെയ് 5ന് അറഫയിൽ ഹജ്ജ് കർമം. ജൂൺ 2ന് എസ് എസ് മുസഫർ എന്ന കപ്പലിൽ ജിദ്ദയിൽ നിന്ന് പുറപ്പെട്ടു. ജൂൺ 16ന് വീട്ടിലെത്തി. എ പി മഹമൂദ് മാസ്റ്റർ നാട്ടുകാരുടെയും വിദ്യാർഥികളുടെയും ഹാജി മാസ്റ്ററായി മാറുന്നത് ഈ ഹജ്ജ് കർമത്തിനു ശേഷമാണ്. അന്ന് മഹമൂദ് മാസ്റ്ററുടെ പ്രായം 32. അക്കാലത്തെ ഹാജിമാരെ സംബന്ധിച്ചിടത്തോളം ഇളം പ്രായമാണിത്. വാർധക്യത്തിലേക്കു കാലെടുത്തു വെക്കാത്തവർ അക്കാലത്ത് ഹജ്ജിനു പോകൽ അപൂർവമാണ്. തളിപ്പറമ്പ് പാലയാട്ടെ വീട്ടിൽ നിന്നിറങ്ങിയ ഹാജി മാസ്റ്ററെ പ്രാർഥനാപൂർവം നാട്ടുകാരും ബന്ധുക്കളും കുട്ടിമാവു വരെ അനുഗമിച്ചു. വിശ്വാസികൾ വഴിനീളെ തക്ബീർ ചൊല്ലി. തീർഥാടനത്തിനായി പുറപ്പെട്ട മാസ്റ്ററോടൊപ്പം ജാതിമത ഭേദമന്യേയുള്ളവർ ചേർന്നു
തളിപ്പറമ്പ് പരിസര പ്രദേശങ്ങളിൽ നിന്നും ഹജ്ജിനു പോകുന്നവരെ യാത്രയയച്ചിരുന്നത് അന്ന് ഈ രീതിയിലായിരുന്നു. ഹജ്ജിനു പോകുന്നവരെ യാത്രയയക്കാനായി അന്നു തളിപ്പറമ്പിൽ ഒരു പ്രത്യേക താവളമുണ്ടായിരുന്നു. ഏഴാം മൈലിനു സമീപം ഒരു ചെറുമാവുണ്ടായിരുന്നു. മാവുണ്ടായിരുന്ന സ്ഥലത്തെ കുട്ടിമാവ് എന്നാണ് നാട്ടുകാർ അന്നു വിളിച്ചിരുന്നത്. ഹജ്ജിനു പോകുന്നവർ ഇവിടെ സംഗമിച്ചു ഒരുമിച്ചു പോകാറാണ് പതിവ്. ഹാജിമാരെ ബാങ്ക് വിളിയോടെ വാഹനത്തിൽ കയറ്റി യാത്രയയക്കും . യാത്രയയപ്പുതന്നെ പുണ്യഭൂമിയിലെത്തിയാലുണ്ടാകുന്ന അനുഭൂതിയെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്നു ഹാജി മാസ്റ്റർ ഓർക്കുന്നു.

അക്കാലത്ത് കപ്പലിലാണ് ഹജ്ജിനു പോകാറുള്ളത്. എന്നാൽ ഹാജിമാസ്റ്ററുടെ ബാല്യകാലത്തെ ഹജ്ജിനെക്കുറിച്ചുള്ള ഓർമ ഇതിനെക്കാൾ സാഹസികമായിരുന്നു. അതേ കുറിച്ച് ഹാജി മസ്റ്ററിൽ നിന്നു കേൾക്കാം.
കാൽനടയായും പിന്നീട് പായക്കപ്പലുകളിലുമാണ് യാത്ര. ഇന്ത്യയിൽ നിന്നും ഹാജിമാർ അധികവും അന്നും മുംബെ വഴിയാണ് പോകാറുള്ളത്. മുംബെയിൽ നിന്നും പായക്കപ്പലിൽ യാത്ര തിരിക്കുന്നവർ നടുക്കടലിൽ നിന്നു ചെറുതോണികളിൽ കയറി സഊദി തീരത്തിറങ്ങും. അവിടെ നിന്നു മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര ഒട്ടകപ്പുറത്തും മറ്റുമായിരുന്നു. കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യം പതിവായിരുന്നു. അക്രമകാരികളായ ബദുക്കളിൽ നിന്നു ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ചും അന്നു പറഞ്ഞുകേട്ടിരുന്നു. 1958വരെ ഇന്ത്യൻ ഹാജിമാരുടെ ആശ്രയം പായക്കപ്പലുകളായിരുന്നു.

ഹാജി മാസ്റ്റർ പോയത് കപ്പലിലായിരുന്നു. അക്കാലത്ത് ഹജ്ജിനു പോകാനാഗ്രഹിക്കുന്നവർക്കു മുമ്പിൽ സാങ്കേതിക നൂലാമാലകളൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉണ്ടായിരുന്നുവെങ്കിലും മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മുഗൾ ലൈൻ എന്ന കപ്പൽ കമ്പനിയാണ് ഹാജിമാർക്കുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കാറുള്ളത്. മുഗൾ ലൈൻസിന്റെ പേരിൽ നൂറ് രൂപ മണിയോർഡറയച്ചാൽ അവിടെ നിന്നു കപ്പൽ പുറപ്പെടുന്നതിന് ഒരാഴ്ച മുന്പ് മുംബൈയിൽ എത്താനായി അറിയിപ്പും നിർദേശങ്ങളും ലഭിക്കും. എസ് എസ് മുഹമ്മദി, എസ് എസ് മുസഫർ , എം വി അക്ബർ തുടങ്ങിയ കപ്പലുകളാണ് അന്നുണ്ടായിരുന്നത്. ഒരു കപ്പലിൽ 1500 പേർക്ക് യാത്ര ചെയ്യാം. ഈ കപ്പലുകളിലൊന്ന് റമസാനു മുമ്പ് പുറപ്പെടും. പുണ്യഭൂമിയിൽ വെച്ചു റമസാൻ നോമ്പും പെരുന്നാളും നിർവഹിക്കാൻ നിയ്യത്ത് ചെയ്തവർ റമസാനു മുമ്പുള്ള കപ്പലിൽ പുറപ്പെടും. ഇങ്ങനെ പോകുന്നവരുടെ യാത്രാ ദിനങ്ങൾ ആറ് മാസത്തോളമായിരിക്കും.

കപ്പലിൽ മൂന്ന് ക്ലാസുകളാണ്. താഴത്തെ നില ഡക്ക് ക്ലാസ്. തൊട്ടുമുകളിൽ മിഡിൽ ക്ലാസ്. മൂന്നാമത്തേത് ഫസ്റ്റ് ക്ലാസ്. സാധാരണക്കാർ അധികവും ഡക്ക്ക്ലാസിനെയാണ് ആശ്രയിക്കുക. ഹാജി മാസ്റ്ററുടെ യാത്ര ഡക്ക് ക്ലാസിലായിരുന്നു. ഡക്ക് ക്ലസിലെ അന്നത്തെ യാത്രാനിരക്ക് 540 രൂപയാണ് . ഹാജി മാസ്റ്റർക്ക് ഹജ്ജ് യാത്രക്കായി ആകെ ചെലവായത് 960 രൂപയും. പാസ്പോർട്ടും ഹജ്ജിനുള്ള മറ്റു യാത്രാ രേഖകളും ചെയ്തു നൽകിയിരുന്നത് മുഗൾ ലൈൻസാണ്. ഹാജിമാരോട് ഒരാഴ്ച മുമ്പ് മുംബെയിലെത്താൻ ആവശ്യപ്പെടുന്നത് ഈ കടലാസ് പണികൾ പൂർത്തിയാക്കുന്നതിനു കൂടിയാണ്. വിദേശ നാണയവും ഇവിടെ നിന്നാണ് നൽകാറുള്ളത്. അന്ന് ഇന്ത്യൻ രൂപയുടെയും സഊദി റിയാലിന്റെയും നിരക്ക് ഏതാണ്ട് തുല്യമായിരുന്നു. നൂറ് ഇന്ത്യൻ രൂപക്കു 95 റിയാലാണ് അന്നത്തെ നിരക്ക്.
മക്കയിലും മദീനയിലും താമസസ്ഥലം ഹജ്ജിനു പോകുന്നവർ തന്നെ കണ്ടെത്തണം. അത് ശ്രമകരമായ ഒന്നായിരുന്നില്ലയെന്നു ഹാജി മാസ്റ്റർ പറയുന്നു. മുതവ്വഫുമാർ മാർഗനിർദേശം നൽകാനുണ്ടാകും. മൺകട്ടകൊണ്ടും മരത്തിന്റെ ചില്ലകൾ കൊണ്ടും പണിത വീടുകളാണ് മക്കയിലും മദീനയിലുമുണ്ടായിരുന്നത്. ഓരോ വീടിനും ഒന്നിലേറെ മുറികളുണ്ടാകും. ഒരു മുറി പലരായി പങ്കിടുന്ന രീതിയായിരുന്നു. ഹാജി മാസ്റ്റർക്കു ലഭിച്ച മുറിയിൽ ഉണ്ടായിരുന്നത് ഏഴ് പേരായിരുന്നു. മക്കയിലെ ഒരു മാസത്തെ താമസത്തിനു വീട്ടുവാടക നൂറ് റിയാലും മദീനയിലെ പത്ത് ദിവസത്തെ താമസത്തിന് പത്ത് റിയാലുമാണ് നൽകിയത്. ഹാജി മാസ്റ്റർ 1961നു ശേഷം 1974 , 1981 , 1995 എന്നീ വർഷങ്ങളിലും ഹജജ് നിർവഹിക്കുകയുണ്ടായി. 81ലും 95ലും യാത്ര വിമാനത്തിലായിരുന്നു.

നാല് തവണ ഹജ്ജ് ചെയ്തെങ്കിലും തൃപ്തികരമായ ഹജ്ജ് 1961ലേതാണെന്നു ഹാജി മാസ്റ്റർ ഒാർക്കുന്നു. അതിനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് പ്രവാചകന്റെ കാലത്തെ ഏതാനും വസ്തുക്കളും ചരിത്ര സ്മാരകങ്ങളും അതേപടി കാണാൻ കഴിഞ്ഞു എന്നതാണ്. ഹറം പള്ളിയും മദീന പള്ളിയും ഇന്നത്തേതുപോലെ യായിരുന്നില്ല. ഹറമിനടുത്ത് ഇന്നു കാണുന്ന മൂത്രപ്പുരയുടെ നിർമാണം നടന്നത് അക്കാലത്താണ്. ഹിറാ ഗുഹയും സന്ദർശിക്കാൻ സാധിച്ചു. മക്കയിൽ നിന്നു അന്ന് മദീനയിലേക്കുള്ള യാത്ര ബദർ വഴിയായിരുന്നു. ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബാക്കൾ ഉപയോഗിച്ച നീരുറവ കാണാൻ സാധിച്ചു. മദീനയിൽ റൗളാ ശരീഫിനടുത്ത് സ്വഹാബികളിൽ ചിലരുടെ മൺകട്ട കൊണ്ട് പണിത വീടും അന്നുണ്ടായിരുന്നു .

ആദ്യ ഹജ്ജ് കഴിഞ്ഞെത്തിയ ഹാജി മാസ്റ്റർ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുവന്നു. 1980ൽ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചതിനു ശേഷം തളിപറമ്പ് ഹൈവേയിൽ ട്രാവൽ ഏജൻസി തുടങ്ങി. മദ്റസ മഅദിനുൽ ഉലൂം യു പി സ്കൂൾ, ചപ്പരപടവ് പ്രൈമറി സ്കൂൾ, കുപ്പം പ്രൈമറി സ്കൂൾ, ഇരിക്കൂർ കമാലിയ യു പി സ്കൂൾ , തളിപറമ്പ് മാപ്പിള എൽ പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു .

ട്രാവൽ ഏജൻസി തുടങ്ങിയത് പ്രധാനമായും ഹാജിമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സാമ്പത്തികമായി കഴിവുണ്ടെങ്കിലും ജീവിതത്തിന്റെ സായാഹ്നകാലം വരെ ഹജ്ജ് നിർവഹിക്കാൻ കാത്തിരിക്കാറുള്ള അക്കാലത്ത് യുവാവായ ഹാജി മാസ്റ്ററെ ഹജ്ജ് യാത്രക്ക് പ്രേരിപ്പിച്ചത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. ഹാജി മാസ്റ്ററുടെ മാതാപിതാക്കൾ ഹജ്ജ് നിർവഹിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ, അവർ ലോകത്തോട് വിടപറഞ്ഞത് ഈ ആഗ്രഹം ബാക്കിവെച്ചു കൊണ്ടായിരുന്നു. അവർക്ക് സാധിക്കാതെ പോയത് മരണത്തിനു മുമ്പ് നിർവഹിക്കണമെന്ന ആഗ്രഹമായിരുന്നു ഹാജി മാസ്റ്ററെ യുവത്വത്തിൽ തന്നെ ഹജ്ജിലേക്കു നയിച്ചത്.

Latest