Kerala
ചുങ്കത്തറ: കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവിനെ സി പി എം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്
അന്‍വറിനൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും കരുതിയിരുന്നോ എന്നും രവീന്ദ്രന്‍ പറയുന്നു

മലപ്പുറം | ചുങ്കത്തറയില്‍ സി പി എമ്മില്‍ നിന്ന് കൂറുമാറി പി വി അന്‍വറിനൊപ്പം യു ഡി എഫ് പക്ഷത്തു ചേര്‍ന്ന പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവുമായി സി പി എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രന്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്ന ഓഡിയോ പുറത്ത്.
പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത് എന്നത് ഓര്‍ത്തു വച്ചോ. അന്‍വറിനൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും കരുതിയിരുന്നോ എന്നും രവീന്ദ്രന്‍ പറയുന്നു. പാര്‍ട്ടിയെ പുറത്തുനിന്ന് കുത്തിപ്പോവുകയാണ്. ഭാവിയിലെ അതിന്റെ ഭവിഷ്യത്ത് ഉണ്ടാകും. നിന്നോടും കുടുംബത്തിനോടും ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. കരുതിയിരുന്നോ എന്നിങ്ങനെ സംസാരിക്കുന്ന ഭാഗമാണ് പുറത്തുവന്നത്. കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ കൂറുമാറുന്നത് നിരുത്സാഹപ്പെടുത്താന്‍വേണ്ടി സംസാരിച്ചതാണെന്നാണ് ഏരിയാ സെക്രട്ടറി പ്രതികരിച്ചത്.
പി വി അന്‍വറിന്റെ ഇടപെടലില്‍ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടമായിരുന്നു. സി പി എം അംഗം നുസൈബ സുധീര്‍ അവിശ്വാസത്തെ അനുകൂലിച്ചതോടെ യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി. ഇരുകക്ഷികള്‍ക്കും പത്ത് അംഗങ്ങള്‍ വീതമുള്ള പഞ്ചായത്തില്‍ പി വി അന്‍വറിന്റെ പിന്തുണയോടെയായിരുന്നു യു ഡി എഫിന്റെ അവിശ്വാസ നീക്കം. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലമ്പൂര്‍ മണ്ഡലം കണ്‍വീനറുടെ ഭാര്യയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന നുസൈബ. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യു ഡി എഫ് പ്രവര്‍ത്തകരേയും തന്നെയും അക്രമിക്കാന്‍ ശ്രമിച്ചാല്‍ സി പി എം പ്രവര്‍ത്തകരുടേയും നേതാക്കളുടെയും വീട്ടില്‍ കയറി തല അടിച്ചുപൊളിക്കുമെന്ന് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. പി വി അന്‍വറിനെ യു ഡി എഫ് സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.