Connect with us

National

ചൂരല്‍മല-മുണ്ടക്കൈ സഹായം; കേരളം റിപോര്‍ട്ട് സമര്‍പ്പിച്ചത് നവംബര്‍ 13-ന് മാത്രം: കേരളത്തെ പഴിച്ച് കേന്ദ്രം

വയനാടിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരളമെന്ന് പഴിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേരളം കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്.വയനാട് എംപി പ്രിയങ്കാ ഗാന്ധി സമര്‍പ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പുനല്‍കിയതാണെന്നും വീടുകളും, സ്‌കൂളുകളും റോഡുകളുമെല്ലാം നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വന്‍വീഴ്ച വരുത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. പുനര്‍നിര്‍മാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അമിത്ഷാ വ്യക്തമാക്കി.

വയനാടിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. കേരളം നല്‍കിയ റിപോര്‍ട്ടില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി പരിശോധന നടത്തുന്നുണ്ട്.സമിതിയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു.
അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷായുടെ മറുപടിയില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.

 

Latest