Connect with us

Kerala

ചൂരൽമല, മുണ്ടക്കൈ ദുരന്തം: നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തി മുഖ്യമന്ത്രി

ദുരന്തം ബാധിതരുടെ ഭയാശങ്ക അകറ്റി അവരെ പുതുജീവിതത്തിലേക്കും പ്രത്യാശയിലേക്കും മടക്കിക്കൊണ്ടുവരികയും നഷ്ടപ്പെട്ട ഭൗതികസാഹചര്യങ്ങളെല്ലാം കെട്ടിപ്പടുക്കുകയുമാണ് നമ്മുടെ മുന്നിലുള്ള സുപ്രധാനമായ കടമയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം പാടെ തകര്‍ത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ഭയാശങ്ക അകറ്റി അവരെ പുതുജീവിതത്തിലേക്കും പ്രത്യാശയിലേക്കും മടക്കിക്കൊണ്ടുവരികയും നഷ്ടപ്പെട്ട ഭൗതികസാഹചര്യങ്ങളെല്ലാം കെട്ടിപ്പടുക്കുകയുമാണ് നമ്മുടെ മുന്നിലുള്ള സുപ്രധാനമായ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയുടെ പൂർണരൂപം:

നമ്മുടെ നാട് നേരിടേണ്ടിവന്ന സമാനതകളില്ലാത്ത മഹാദുരന്തമാണ് 2024 ജൂലൈ 30ന് പുലര്‍ച്ചെ വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ ഉണ്ടായ ഭീകരമായ ഉരുള്‍പൊട്ടല്‍. അതിന്‍റെ നടുക്കത്തില്‍ നിന്ന് വയനാടും സംസ്ഥാനവും പൂര്‍ണ്ണമായും മുക്തമായിട്ടില്ല. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമുണ്ടായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിമട്ടം നിത്യഹരിത വനത്തിനുള്ളിലായിരുന്നു ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രം. തെന്നിമാറിയ ഭൂമിയും പാറയും അവശിഷ്ടങ്ങളും അടങ്ങിയ ഉരുള്‍ പുന്നപ്പുഴ വഴി 8 കിലോമീറ്റര്‍ ദൂരംവരെ ഒഴുകിയെത്തി. ചെങ്കുത്തായ ചരിവ് ഉരുളിന്‍റെ ഒഴുക്കിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു. അവശിഷ്ടങ്ങളുടെ ഒഴുക്ക് മണിക്കൂറില്‍ 100.8 കിലോമീറ്റര്‍ വേഗതവരെ കൈവരിച്ചുവെന്നാണ് കണക്കാക്കുന്നത്. 32 മീറ്റര്‍ ഉയരത്തില്‍വരെ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി.

20 മുതല്‍ 40 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന പുന്നപ്പുഴ നദിയുടെ വീതി ഉരുള്‍പൊട്ടലോടെ 200 മുതല്‍ 300 മീറ്റര്‍ വരെയായി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളെ തകര്‍ത്തെടുത്തു.

ദുരന്തം പാടെ തകര്‍ത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ഭയാശങ്ക അകറ്റി അവരെ പുതുജീവിതത്തിലേക്കും പ്രത്യാശയിലേക്കും മടക്കിക്കൊണ്ടുവരികയും നഷ്ടപ്പെട്ട ഭൗതികസാഹചര്യങ്ങളെല്ലാം കെട്ടിപ്പടുക്കുകയുമാണ് നമ്മുടെ മുന്നിലുള്ള സുപ്രധാനമായ കടമ.

രക്ഷാപ്രവര്‍ത്തനം

രാജ്യത്തിനാകെ മാതൃകയായ രക്ഷാ-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ നാം നടത്തിയത്. ചുരുങ്ങിയ സമയത്തില്‍ കേന്ദ്ര സംസ്ഥാന സേനകളെയും സാങ്കേതിക വിഭാഗങ്ങളെയും മറ്റു സംവിധാനങ്ങളെയും ദുരന്തമുഖത്ത് എത്തിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തി.

2024 ജൂലൈ 30 പുലര്‍ച്ചെ 1.15നും 3 മണിക്കും ഇടയ്ക്കാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഏഴ് ആപത് മിത്ര വോളണ്ടിയര്‍മാരും ദുരന്തബാധിത പ്രദേശത്തെ ജനങ്ങളും ചേര്‍ന്ന് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ അഗ്നിരക്ഷാസേനയും പോലീസും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി.

വയനാട് ജില്ലയില്‍ മുന്‍കൂറായി വിന്യസിച്ചിരുന്ന ദേശീയ ദുരന്ത നിവാരണസേന രാവിലെ 4.30 ഓടുകൂടി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. കരസേനയുടെയും വ്യോമസേനയുടെയും സഹായം ഇതിനകം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ തന്നെ മുഖ്യമന്ത്രിയും റവന്യൂ വകുപ്പുമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാല് മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തി ക്യാമ്പുചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ലഭ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കി. കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1,800 ലധികം പേര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ദേശീയ ദുരന്തനിവാരണസേന-126, ഡിഫന്‍സ് സെക്യൂരിറ്റി കോപ്സ് -187, ആര്‍മി-582, എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് -154, നേവി-137, കോസ്റ്റ് ഗാര്‍ഡ് -2 ടീം, ആര്‍മിയുടെ കഡാവര്‍ ഡോഗ്സ് -5, വ്യാമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ തുടങ്ങിയ കേന്ദ്രസേനകളും സംസ്ഥാനത്തുനിന്നും അഗ്നിശമന രക്ഷാസേന -360, പോലീസ് – 1,286, കേരള പോലീസ് ഡോഗ്സ് സ്ക്വാഡ്, സിവില്‍ ഡിഫന്‍സ് – 200, ആപ്ദമിത്ര -100, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, തമിഴ്നാട് ഫയര്‍ഫോഴ്സ്, തുടങ്ങിയവരും പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരും ദുര്‍ഘടമായ സാഹചര്യത്തില്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആദ്യദിനം തന്നെ താത്ക്കാലിക പാലം സജ്ജമാക്കുകയും തുടര്‍ന്ന് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബെയ്ലി പാലം നിര്‍മ്മിക്കുകയും ചെയ്തു. പരിക്കേറ്റ 630 പേര്‍ക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കി. 1,300ലധികം ആളുകളെ പ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തബാധിത പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തിയ ജനകീയ തിരച്ചിലില്‍ 2,000-ലധികം പേര്‍ പങ്കെടുത്തു. ദുരന്തമേഖലയില്‍ റവന്യൂ, ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം സുസ്സജ്ജമായി പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും പ്രവര്‍ത്തിച്ചു.

ആഗസ്റ്റ് 2ന് മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ബഹു. പ്രധാനമന്ത്രി ആഗസ്റ്റ് 10ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തി രുന്നു. ഇതിന് മുന്നോടിയായി കേന്ദ്ര സംഘവും എത്തിയിരുന്നു.

നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി തുടക്കം മുതല്‍ ദുരന്തമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഒരു മന്ത്രി 50-ാം ദിവസം വരെ മുഴുവന്‍ ദിവസവും രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 14 മന്ത്രിമാര്‍ ആദ്യ മൂന്നു ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

മരണം

231 മൃതദേഹങ്ങള്‍, 222 ശരീരഭാഗങ്ങള്‍ എന്നിവ ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തി. 17 കുടുംബങ്ങളിലെ ആകെയുണ്ടായിരുന്ന 58 ആളുകളും മരണപ്പെട്ടു. 6 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ അനാഥരായി. 173 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സര്‍വ്വമത പ്രാര്‍ത്ഥനകളോടെയും ഔദ്യോഗിക ബഹുമതികളോടെയും പുത്തുമല പ്രദേശത്ത് പൊതുശ്മശാനം ഒരുക്കി സംസ്ക്കരിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 64 എണ്ണം തിരിച്ചറിയാനായിട്ടുണ്ട്. 47 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

നാശനഷ്ടങ്ങള്‍

വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, തുടങ്ങി 1,685 പൊതു-സ്വകാര്യ കെട്ടിടങ്ങള്‍ക്കും റോഡുകള്‍, പാലങ്ങള്‍, വൈദ്യുതിവിതരണ സംവിധാനം, 110 ഹെക്ടറില്‍പ്പരം കൃഷിഭൂമി എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. 145 വീടുകള്‍ പൂര്‍ണ്ണമായും 170 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. 171 വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. 19 ഹെക്ടറോളം വനം ഒലിച്ചുപോയി.

ദുരിതാശ്വാസ ക്യാമ്പ്

ദുരന്തബാധിതരെ പാര്‍പ്പിക്കുന്നതിന് വൈത്തിരി താലൂക്കിലെ വിവിധ സ്കൂളുകളിലും സ്ഥലങ്ങളിലുമായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ആകെ 2,500 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ധനസഹായം

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയ്ക്ക് പുറമെ 2 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 50,000 രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചു. കണ്ണുകള്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും ദുരിതാശ്വാസധിനിയില്‍ നിന്ന് അനുവദിച്ചു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഒറ്റപ്പെട്ടവരെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

കേന്ദ്രസഹായം

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും ബഹു. പ്രധാനമന്ത്രിയെ നേരില്‍കണ്ട് ഒരിക്കല്‍ക്കൂടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇത് കണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു വെങ്കിലും ദുരന്തത്തിന്‍റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ 03.10.2024-ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കി

ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കും അത് ലഭ്യമാക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ നടത്തി. റവന്യൂ വകുപ്പ് നല്‍കിയ വിവിധ രേഖകള്‍ക്ക് പകരമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഫീസ് ഈടാക്കേണ്ടതില്ലെന്നും നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും തീരുമാനിച്ചു.

കടാശ്വാസ നടപടി

വൈത്തിരി താലൂക്കുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് കുടിശ്ശികകള്‍ക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും മറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്തവരുടെ തുക എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവര്‍ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ബന്ധപ്പെട്ടുകൊണ്ട് അവ എഴുതി ത്തള്ളുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുധാരണയ്ക്കെ തിരായി സ്വകാര്യവ്യക്തികള്‍ കടം ഈടാക്കുന്നത് ഒഴിവാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തും.

ദുരിതാശ്വാസ നിധി

സര്‍വ്വവും നഷ്ടമായവരെ സഹായിക്കുവാന്‍ ഞങ്ങളുടെ പങ്ക് ഞങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്ന സമൂഹത്തിന്‍റെ എല്ലാ തുറകളിലുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും അയല്‍ സംസ്ഥാനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈയ്യയച്ച് നല്‍കിയ സംഭാവനകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും ചെറുതല്ലാത്ത പിന്തുണയാണ് നല്‍കിയത്. കുടുക്കസമ്പാദ്യവും പാദസരം ഊരി നല്‍കിയും കമ്മല്‍ വിറ്റ പൈസയും കുഞ്ഞുകുഞ്ഞ് ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വച്ചതുമൊക്കെ മടികൂടാതെ നല്‍കിയ കുട്ടികള്‍ക്കുമുള്ള നന്ദി പങ്കുവെയ്ക്കുവാന്‍ വാക്കുകളില്ല. ദുരന്തത്തിന് ശേഷം 05.10.2024 വരെ 514.14 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധസംഘടനകളും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സമഗ്രമായ പുനരധിവാസ പാക്കേജാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സര്‍വ്വകക്ഷിയോഗം

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മികച്ച പുനരധിവാസം ഉറപ്പാക്കുന്നതിന് 29.08.2024-ന് സര്‍വ്വകക്ഷിയോഗം ചേരുകയുണ്ടായി. യോഗത്തില്‍ എല്ലാ കക്ഷികളും ഒരേ വികാരമാണ് പ്രകടിപ്പിച്ചത്. ആഗസ്റ്റ് 23 ന് മേപ്പാടിയില്‍ എം.എല്‍.എമാര്‍, ദുരന്തബാധിത പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികള്‍, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പുനരധിവാസത്തെക്കുറിച്ച് അവരുടെ അഭിപ്രായം കൂടി അറിയുന്നതിന് ജനകീയ യോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പുനരധിവാസത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ തയ്യാറാവുന്ന ആദ്യ അനുഭവമായിരുന്നു ഇത്.

താല്‍ക്കാലിക പുനരധിവാസം

ദുരന്തബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും വാടകവീടുകളിലേക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ക്വാര്‍ട്ടേഴ്സുകളിലും ബന്ധുവീടുകളിലുമായി 24 ദിവസത്തിനകം പുനരധിവസിപ്പിക്കാനായി. ഇവര്‍ക്ക് ഭക്ഷണസാധനങ്ങളും മറ്റുമടങ്ങിയ കിറ്റുകളും ആവശ്യമായ ഫര്‍ണ്ണിച്ചറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു. പ്രതിമാസ വാടകയായി 6,000 രൂപ വീതം അനുവദിച്ചു. ഓരോ കുടുംബങ്ങള്‍ക്കും 10,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായധനമായി പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300 രൂപ നിരക്കില്‍ 30 ദിവസത്തേക്ക് അനുവദിച്ചു.

ഈ ആനുകൂല്യം ഒരു കുടംബത്തിലെ 2 വ്യക്തികള്‍ക്ക് നല്‍കി. സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമിതി ചേര്‍ന്ന് രണ്ടു തവണകളിലേക്കു കൂടി ഈ സഹായം വര്‍ദ്ധിപ്പിച്ച് ആകെ 90 ദിവസം വരെ സഹായം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. ഇതുകൂടാതെ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുള്ളതോ, കിടപ്പുരോഗിയുള്ളതോ ആയ കുടുംബങ്ങളിലെ ഒരാള്‍ക്ക് കൂടി 300രൂപ വീതം അധികമായി 30 ദിവസത്തേക്ക് അനുവദിച്ചു. താത്ക്കാലികമായ പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രയാസമുണ്ടായാല്‍ അക്കാര്യത്തില്‍ പരാതികള്‍ നല്‍കാനും ഇടപെടാനും അസിസ്റ്റന്‍റ് കളക്ടറുടെ നേതൃത്വത്തില്‍ ഹെല്‍പ്പ്ഡസ്ക് പ്രവര്‍ത്തിച്ചുവരുന്നു.

മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും

സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ലരീതിയില്‍ ലഭ്യമാവുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങളെക്കുറിച്ച് വേണ്ടത്ര മുന്നറിയി പ്പുകള്‍ ലഭ്യമല്ല. മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിന് കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ തേടും.

മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്ത് അതിശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആപ്ദമിത്ര സന്നദ്ധ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അപകടസാധ്യത കൂടുതലുള്ള ഇടങ്ങളില്‍ നിന്ന് ജനങ്ങളോട് മാറിതാമസിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അത്തരം ഇടങ്ങളില്‍ നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറി താമസിച്ചു. പുഞ്ചിരിമട്ടം ഭാഗങ്ങളില്‍ നിന്ന് 4 കുടുംബങ്ങളിലെ 15 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും 50 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

29.07.2024-ന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തനം നിര്‍ത്തുന്നതിനായി പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. അര്‍ദ്ധരാത്രിയില്‍ ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഘട്ടത്തില്‍ തന്നെ ജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിവരം അറിയിക്കുകയും അഗ്നിരക്ഷാസേനയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതരും സംഭവസ്ഥലത്തേക്ക് ദ്രുതഗതിയില്‍ ٴഎത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ തന്നെ കൂടുതല്‍ ആളുകള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഇതെല്ലാം മേപ്പാടിയില്‍ ആള്‍നാശം കുറെയെങ്കിലും കുറയ്ക്കാന്‍ സഹായിച്ചു. കോഴിക്കോട് വിലങ്ങാടിലും വയനാട്ടില്‍ മേപ്പാടിയിലും ജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും തദ്ദേശസര്‍ക്കാരുകളുടെയും ജില്ലാ ഭരണസംവിധാനത്തിന്‍റെയും ജാഗ്രതകൊണ്ട് ഒട്ടനവധി ജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

അന്തിമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ പുനരധിവാസമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്കുവച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.
ദുരന്തം ബാക്കിയാക്കിയവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായി ജീവിതം വീണ്ടെടുത്ത് നല്‍കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ കാലതാമസംകൂടാതെ ഏറ്റെടുക്കുന്നതിന് ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭാവിയില്‍ രണ്ടാമത്തെ നില കൂടി പണിയുന്നതിന് സൗകര്യമുള്ള രീതിയില്‍ 1000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടുകളാണ് നിര്‍മ്മിക്കാ നുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. വനിതകള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്‍കും. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരടുപട്ടിക ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുനരധിവാസ പാക്കേജില്‍ ജീവനോപാധികള്‍ ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പ്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെക്കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കും.

പുനരധിവാസ പദ്ധതികളുടെ പ്രൊജക്റ്റ് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായി (പി.എം.സി) സര്‍ക്കാര്‍ അംഗീകരിച്ച നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് കിഫ്ബി മുഖേന മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നു. വിവിധ മേഖലകളില്‍ ആവശ്യമായി വരുന്ന വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കുന്നതാണ്. ഇതിനായി മറ്റു വകുപ്പുകളില്‍ (പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ്, ടൗണ്‍ പ്ലാനിംഗ് വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്മന്‍റ് വകുപ്പ് മുതലായവ) നിന്നും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ ആയിരിക്കും പദ്ധതികളുടെ നിര്‍വ്വഹണം നടത്തുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ഉന്നത അധികാര സമിതി ആയിരിക്കും പദ്ധതിക്ക് മേല്‍നോട്ടം നല്‍കുന്നത്.

രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ പണിയുവാനാണ് ലക്ഷ്യം ഇടുന്നത്. രണ്ട് ടൗണ്‍ഷിപ്പുകള്‍ക്കുമായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തിന്‍റെ വിശദമായ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയ്ക്കായി ഹ്രസ്വകാല ക്വട്ടേഷനുകള്‍ എത്രയും വേഗം ക്ഷണിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്‍റ്, കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) മാതൃകയിലാണ് പദ്ധതികള്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഇ.പി.സി ടെന്‍ഡര്‍ രേഖകള്‍ 2024 നവംബര്‍ 15-നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ അനുമതി ലഭ്യമായശേഷം ഒരാഴ്ചക്കകം പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31-നോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്ന് കരുതുന്നു.

പദ്ധതിക്കായി സാധന സാമഗ്രികളായി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരില്‍ നിന്ന് അവ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സൃഷ്ടിക്കും.

രണ്ട് ടൗണ്‍ഷിപ്പുകളിലെയും വീടുകളുടെയോ മറ്റ് സൗകര്യങ്ങളോടെയോ പൂര്‍ത്തീകരണത്തിന് പണമായി സംഭാവന നല്‍കാന്‍ സډനസ്സ് പ്രകടിപ്പിച്ചിട്ടുള്ള സ്പോണ്‍സര്‍മാര്‍ക്ക്, അവരുടെ സഹായം നല്‍കുവാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവരുമായി പ്രത്യേക ചര്‍ച്ച നടത്തി വിശദാംശങ്ങള്‍ തീരുമാനിക്കും.

വിലങ്ങാട് ദുരന്തം

കോഴിക്കോട് ജില്ലയിലെ വടകര വിലങ്ങാട് 2024 ജൂലായ് 30ന് അര്‍ദ്ധരാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും 11 കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായും ഭൂമിയും വീടും നഷ്ടപ്പെടുകയുമുണ്ടായി. 25 വീടുകള്‍ പൂര്‍ണ്ണമായും 9 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 9 മറ്റ് കെട്ടിടങ്ങളും തകര്‍ന്നു. 1.24 ഹെക്ടര്‍ പുരയിടം ഒലിച്ചുപോയി. 250 ഏക്കര്‍ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടവുമാണ് ഉണ്ടായത്. ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം അനുവദിച്ചു. വീട് പൂര്‍ണ്ണമായും നഷ്ടമായ 30 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റുകയും പ്രതിമാസം 6,000 രൂപ വാടക നല്‍കി വരികയും ചെയ്യുന്നുണ്ട്. വയനാട് ദുരന്തത്തില്‍ നല്‍കിയ രീതിയില്‍ മറ്റു സഹായങ്ങളും അനുവദിച്ചിട്ടുണ്ട്. വിലങ്ങാടിലെ ദുരന്ത ബാധി
തര്‍ക്കും പുനരധിവാസം ഉറപ്പാക്കും.

ഉപസംഹാരം

കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും വര്‍ദ്ധിച്ചുവരുന്ന അതിതീവ്ര പ്രകൃതി പ്രതിഭാസങ്ങളുടെയും ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങളെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം നേരിട്ടുകൊണ്ടിരിക്കുന്നത്. വലിയ പ്രളയങ്ങളും വരള്‍ച്ചയും ചുഴലിക്കാറ്റും ഉഷ്ണതരംഗങ്ങളും പകര്‍ച്ചവ്യാധികളും തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ കേരളവും പ്രകൃതിക്ഷോഭങ്ങളുടെ ഇരയാക്കപ്പെടുന്ന പ്രദേശമായി മാറിയിരിക്കുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കേരളത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ദുരന്തങ്ങളുടെ മുന്നില്‍ പതറിനില്‍ക്കാതെ അതിജീവനത്തിന്‍റെ പുതുചരിത്രം രചിക്കാന്‍ നമുക്കു കഴിയുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും നമ്മള്‍ മറികടന്നു. മലയാളിസമൂഹമൊന്നാകെ ഐക്യത്തോടെയും സന്നദ്ധതയോടെയും പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് ദുരന്തത്തിന് ഇരയായവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കഴിഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അതീതീവ്രത അനുഭവിക്കുന്ന സമൂഹമായി കേരളം വളരെവേഗം മാറുന്ന പശ്ചാത്തലത്തില്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ആഘാതം പരമാവധി ലഘൂകരിക്കാന്‍ ഫലപ്രദമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിവരികയാണ്. ദുരന്തനിവാരണ സംവിധാനങ്ങളെ ശാക്തീകരിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തിയും ദുരന്തനിവാരണത്തിന് കേരളമാതൃക സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം.

Latest