Connect with us

Editorial

കക്ഷിരാഷ്ട്രീയ പകപോക്കല്‍ വേദിയാകരുത് സഭകള്‍

പാര്‍ലിമെന്റും നിയമസഭകളും അവയുടെ ലക്ഷ്യത്തിലൂന്നി നിന്ന് നേരേ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ വിരളമാണിന്ന്. സഭാസ്തംഭനം പതിവ് ചടങ്ങായി മാറിയിരിക്കുന്നു. സഭകളുടെ വിലപ്പെട്ട സമയം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണ് സാമാജികര്‍.

Published

|

Last Updated

പാര്‍ലിമെന്റും കേരള നിയമസഭയും പതിവു നടപടികളിലേക്ക് കടക്കാനാകാതെ ബഹളത്തില്‍ കലാശിക്കുകയായിരുന്നു കഴിഞ്ഞ വാരത്തില്‍. അദാനി പ്രശ്‌നത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബ്രിട്ടന്‍ പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും നടത്തിയ പ്രതിഷേധത്തിലും ബഹളത്തിലും സഭാനടപടികള്‍ സ്തംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച ലോക്‌സഭയും രാജ്യസഭയും പ്രവര്‍ത്തിച്ചത് ആകെ മൂന്ന് മിനുട്ടാണ്. രാവിലെ സഭ തുടങ്ങിയതോടെ ഇരുവിഭാഗവും ബഹളം വെച്ചതിനെ തുടര്‍ന്ന് നടപടികളിലേക്കു കടക്കാതെ രണ്ട് മിനുട്ടിനകം നിര്‍ത്തിവെച്ചു. ഉച്ചക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി സഭയിലെത്തി. രാഹുലിനെ കണ്ടതോടെ അദ്ദേഹത്തോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ ഒച്ചവെച്ചു. മാപ്പ് പറയാനാണ് വന്നതെന്നും മൈക്ക് നല്‍കണമെന്നും കോണ്‍ഗ്രസ്സ് സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അതിനനുവദിക്കാതെ സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ബ്രഹ്‌മപുരം സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി, പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഓഫീസിനു മുമ്പില്‍ നടന്ന സംഘര്‍ഷം, ഇതിനുത്തരവാദികളായ എം എല്‍ എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത് തുടങ്ങിയ വിഷയങ്ങളാണ് നിയമസഭ ബഹളത്തില്‍ കലാശിക്കാനും പതിവു നടപടികളിലേക്ക് കടക്കാനാകാതെ നിര്‍ത്തിവെക്കാനും ഇടയാക്കിയത്. വെള്ളിയാഴ്ച കേവലം ഒമ്പത് മിനുട്ട് സമയമാണ് നിയമസഭ ചേര്‍ന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സഭ ഇന്ന് വീണ്ടും ചേരുമ്പോള്‍, സഭക്കകത്തെ പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് യു ഡി എഫ് തീരുമാനം. അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കുന്നതു വരെ വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ലിമെന്റും നിയമസഭകളും അവയുടെ ലക്ഷ്യത്തിലൂന്നി നിന്ന് നേരേ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ വിരളമാണിന്ന്. സഭാസ്തംഭനം പതിവ് ചടങ്ങായി മാറിയിരിക്കുന്നു. സഭ ചേരാന്‍ ദിവസം അടുക്കുമ്പോള്‍ അതില്‍ ഉന്നയിക്കേണ്ട ജനകീയ പ്രശ്‌നങ്ങളെന്തൊക്കെ എന്നതിലപ്പുറം ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കാന്‍ എന്തൊക്കെ രാഷ്ട്രീയ വിഷയങ്ങളുണ്ടെന്നാണ് പ്രതിപക്ഷം ചികഞ്ഞന്വേഷിക്കുന്നത്. സഭകളുടെ വിലപ്പെട്ട സമയം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണ് സാമാജികര്‍. ഭരണപക്ഷമാകട്ടെ, തങ്ങളുടെ ഭരണപരമായ വീഴ്ചകളെയും തെറ്റായ നടപടികളെയും ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുകയുമില്ല. അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിച്ച് പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ചര്‍ച്ച ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിനു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി കൂടിയാണ്. ജനങ്ങളുടെ മുന്നില്‍ വിവരങ്ങള്‍ തുറന്നു പറയേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കും. ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന അനിവാര്യതകളാണിവ.

രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് വന്‍തുക ചെലവിട്ടാണ് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. 2004ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതു ഖജനാവില്‍ നിന്ന് 1,016 കോടി രൂപയാണ് ചെലവിട്ടതെങ്കില്‍ 2014ല്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ച് 3,870 കോടി രൂപയായി ഉയര്‍ന്നു. 2019ല്‍ 5,000 കോടി രൂപയോളം എത്തിയിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2014ലെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ലോക്സഭ ഒരു മണിക്കൂര്‍ ചേരുന്നതിന് ഒന്നരക്കോടി രൂപയും രാജ്യസഭ ഒരു മണിക്കൂര്‍ ചേരുന്നതിന് 1.01 കോടിയുമാണ് ചെലവ്. ഒരു ദിവസത്തെ സമ്മേളന സമയം ആറ് മണിക്കൂറാണ്. ഇതനുസരിച്ച് ലോക്സഭ ഒരു ദിവസം ചേരാന്‍ ഒമ്പത് കോടി രൂപ വരും. അന്നത്തെ അപേക്ഷിച്ച് ചെലവ് പിന്നെയും വര്‍ധിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുമുണ്ട് ശതകോടികളുടെ ചെലവ്. സഭാനടത്തിപ്പിനും ചെലവിടുന്നുണ്ട് വന്‍തുക. സഭകള്‍ സ്തംഭിക്കുമ്പോള്‍ ഈ ഭീമമായ തുക ആര്‍ക്കും ഉപകാരമില്ലാതെ നഷ്ടമാകുകയാണ്.

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ സിരാകേന്ദ്രങ്ങളാണ് പാര്‍ലിമെന്റും നിയമനിര്‍മാണ സഭകളും. നിയമ നിര്‍മാണത്തിനും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനുമുള്ള വേദികളാണ് രണ്ടും. ജനാധിപത്യത്തിന്റെ ഈ പ്രക്രിയയില്‍ ഭാഗഭാക്കാകാനാണ് ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളായി എം പിമാരെയും എം എല്‍ എമാരെയും തിരഞ്ഞെടുക്കുന്നത്. സഭകളില്‍ വരുന്ന ബില്ലുകളും മറ്റും ശ്രദ്ധാപൂര്‍വം പഠിക്കുകയും ചര്‍ച്ച ചെയ്യുകയും അതുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട അഭിപ്രായങ്ങള്‍ നിര്‍ദേശിക്കുകയും സഭകള്‍ അംഗീകരിക്കുന്ന ബില്ലുകള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ഫലപ്രദമാണെന്ന് ഉറപ്പ് വരുത്തുകയുമൊക്കെയാണ് അവരുടെ ഉത്തരവാദിത്വം. മുന്‍കാലങ്ങളില്‍ സാമാജികര്‍ തങ്ങളുടെ ഈ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിച്ചിരുന്നു. അന്നും പ്രതിപക്ഷം സഭകളില്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താറുണ്ടെങ്കിലും മുഖ്യമായും ചര്‍ച്ചകളിലൂടെയാണ് അത് നിര്‍വഹിച്ചിരുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ സഭ പ്രശ്‌നകലുഷിതമാക്കുകയോ സഭാനടപടികള്‍ സ്തംഭിപ്പിക്കുകയോ ചെയ്തിരുന്നില്ല.

കക്ഷിരാഷ്ട്രീയമായി ഭിന്നചേരിയിലെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും സുപ്രധാന വിഷയങ്ങളില്‍ ആശയവിനിമയവും നടക്കാറുണ്ടായിരുന്നു അക്കാലത്ത്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് മടങ്ങിവരേണ്ടതുണ്ട് പാര്‍ലിമെന്റും നിയമസഭകളും. അനാവശ്യമായ പിടിവാശി ഉപേക്ഷിച്ച് ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ ഇത് ക്ഷിപ്രസാധ്യമാണ്. വോട്ടര്‍മാര്‍ തങ്ങളെ തിരഞ്ഞെടുത്ത് അയക്കുന്നത് നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണെന്ന ബോധ്യത്തോടെയായിരിക്കണം സാമാജികരുടെ പ്രവര്‍ത്തനം.