Connect with us

From the print

സി ഐ സി: ഹകീം ഫൈസി വീണ്ടും സെക്രട്ടറി; എതിർപ്പുയർത്തി ഇ കെ വിഭാഗം

പുതിയ കമ്മിറ്റി പ്രഖ്യാപനം മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നത്

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗത്തെ വെല്ലുവിളിച്ച് ഹകീം ഫൈസി ആദൃശ്ശേരി വീണ്ടും കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി ഐ സി) ജനറൽ സെക്രട്ടറി. ഇ കെ വിഭാഗം യുവജന സംഘടനയുടെ അധ്യക്ഷൻ കൂടിയായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ കമ്മിറ്റിയിലാണ് ആദർശ വ്യതിയാനത്തിന്റെ പേരിൽ ഇ കെ വിഭാഗം പുറത്താക്കിയ ഹകീം ഫൈസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ ഇ കെ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് സ്വാദിഖലി തങ്ങളുടെ നിർദേശപ്രകാരം തന്നെയായിരുന്നു ഹകീം ഫൈസി പദവിയിൽ നിന്ന് രാജിവെച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി തുടരുന്ന സി ഐ സി- ഇ കെ വിഭാഗം തർക്കത്തിന്റെ തുടർച്ചയായി മാറുകയാണ് പുതിയ പദവിയും. ഇ കെ വിഭാഗത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സി ഐ സിയുടെ ഉപദേശക സമിതിയിൽ നിന്ന് ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയതാണ് വിവാദത്തിന് തുടക്കം. കൂടാതെ, സി ഐ സി നേതാവ് ഹകീം ഫൈസി ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് തുടങ്ങിയ നവീന വാദിളോട് താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന വാദവും ഇ കെ വിഭാഗം നേരത്തേ ഉയർത്തിയിരുന്നു. അദ്ദേഹത്തിന്റെ ആശയ വ്യതിയാനം തുറന്നുകാട്ടാൻ വിശദീകരണ യോഗവും സംഘടിപ്പിച്ചു.

ഹകീം ഫൈസിയെ ജനറൽ സെക്രട്ടറി പദവിയിൽ തിരിച്ചുകൊണ്ടുവന്നതിൽ പ്രതിഷേധവുമായി ഇ കെ വിഭാഗം രംഗത്തെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിവാദത്തിലിരിക്കുന്ന സി ഐ സി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്ന് കൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉത്കണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽ നിന്ന് പിന്തിരിയണമെന്നും ഇ കെ വിഭാഗം സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ഇ കെ വിഭാഗം- മുസ്‌ലിം ലീഗ് നേതൃത്വം ഒരുമിച്ച് ചേർന്ന് ഒന്പതിന പ്രശ്‌നപരിഹാര മാർഗരേഖ തയ്യാറാക്കിയിരുന്നു. ഇത് മുശാവറയും സി ഐ സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. മുശാവറ ഇത് ഐകകണ്‌ഠ്യേന അംഗീകരിച്ചെങ്കിലും സി ഐ സി ഇതുവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥൻമാർ തയ്യാറാക്കിയ വ്യവസ്ഥകൾ വികലമാക്കി സമസ്തക്ക് അയക്കുകയാണ് അവർ ചെയ്തത്. ഈ പശ്ചാത്തലത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ് ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നാലിന് യോഗം ചേരാനിരിക്കെയാണ് അതിന് മുമ്പ് തന്നെ മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കും വിധം ഏകപക്ഷീയമായി ഇ കെ വിഭാഗം മാറ്റി നിർത്തിയ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയായ പുതിയ സി ഐ സി കമ്മിറ്റി പ്രഖ്യാപനം വന്നതെന്ന് ഇ കെ വിഭാഗം മുശാവറ സെക്രട്ടറി ഉമർ ഫൈസി മുക്കം, എ വി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഒ പി എം അശ്റഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സി ഐ സി- ഇ കെ വിഭാഗം തർക്കത്തിൽ പാണക്കാട് കുടുംബമടക്കം ലീഗ് നേതൃത്വം ഹകീം ഫൈസിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിഷയം ഇ കെ വിഭാഗം- ലീഗ് ഭിന്നതയായും ഒടുവിൽ ഇ കെ വിഭാഗത്തിലെ വിഭാഗീയതയായും രൂപപ്പെട്ടു. പാണക്കാട് കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ ഹകീം ഫൈസിക്ക് സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടാൻ സഹായകമായത്.

 

Latest