Connect with us

Kerala

സി ഐ സി ജന. സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചു

ഹക്കീം ഫൈസിയുടെ രാജി സാദിഖലി തങ്ങൾ ചോദിച്ചുവാങ്ങുകയായിരുന്നു.

Published

|

Last Updated

മലപ്പുറം | കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി ഐ സി) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചു. ഇന്നലെ രാത്രി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സി ഐ സി പ്രസിഡന്റുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് അദ്ദേഹം രാജിവെച്ചത്. ഹക്കീം ഫൈസിയുടെ രാജി സാദിഖലി തങ്ങൾ ചോദിച്ചുവാങ്ങുകയായിരുന്നു. രാത്രി 9.30ന് തുടങ്ങിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഹക്കീം ഫൈസിയുമായി ചർച്ച നടത്തുന്നതിനിടെ, സാദിഖലി തങ്ങള്‍ ഇ കെ വിഭാഗം സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് വിവരം. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ഒരു തരത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാട് ഇ കെ വിഭാഗം സമസ്ത കടിപ്പിച്ചതോടെ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ആദര്‍ശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരില്‍ സമസ്ത (ഇ കെ വിഭാഗം) ഹകീം ഫൈസി ആദൃശ്ശേരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുന്നത്ത് ജമാഅത്തിൽ നിന്ന് വ്യതിചലിച്ചു എന്ന ആരോപണമുയർത്തി സമസ്തയിൽ നിന്ന് പുറത്താക്കിയ ഫൈസിയുടെ കൂടെ സംഘടന നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും എസ് വൈ എസ് ( ഇ കെ വിഭാഗം), എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ഇതിനിടെ, സമസ്ത (ഇ കെ വിഭാഗം) യുവജന വിഭാഗത്തിന്റെ വിലക്ക് ലംഘിച്ച് എസ് വൈ എസ് പ്രസിഡൻ്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുമായി തങ്ങള്‍ വേദി പങ്കിട്ടിരുന്നു. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടന വേദിയിലാണ് ഇരുവരും എത്തിയത്. സംഭവം വിവാദമാകുകയും ഇ കെ വിഭാഗം സമ്മർദം ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് ഹക്കീം ഫൈസിയുടെ രാജി തിരക്കിട്ട് ചോദിച്ചുവാങ്ങിയത്.

.

Latest