International
സൈഫര്‍ കേസ്; ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് ശിക്ഷ
അടുത്ത മാസം എട്ടിന് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ ഖാന് തടവുശിക്ഷ വിധിച്ചത്.
ഇസ്ലാമാബാദ്| സൈഫര്‍ കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന് പത്തു വര്‍ഷം ജയില്‍ ശിക്ഷ. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. അടുത്ത മാസം എട്ടിന് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ ഖാന് തടവുശിക്ഷ വിധിച്ചത്.
മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്‌നത് സുല്‍ഖര്‍നൈനാണ് കേസില്‍ വിധി പറഞ്ഞത്. നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ച് 27ന് നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. വിചാരണയ്ക്ക് ശേഷം സൈഫറുമായി സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും സൈഫര്‍ തന്റെ ഓഫീസിലാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു ഇമ്രാന്റെ മറുപടി.
വിധി പ്രസ്താവത്തിന് ശേഷം കോടതി മുറിയില്‍ നിന്ന് ജഡ്ജി പുറത്തിറങ്ങയതിന് പിന്നാലെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഷാ മഹമ്മൂദ് ഖുറേഷി പ്രതിഷേധം അറിയിച്ചു.കഴിഞ്ഞ ആഗസ്റ്റില്‍ തോഷഖാന കേസില്‍ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഇമ്രാന്‍ ഇപ്പോള്‍ ജയിലിലാണ്.