Kerala
ആർ എസ് എസിനെ വിമർശിക്കുന്ന അധ്യാപകർക്കെതിരെ സർക്കുലർ
പെരിയ കേന്ദ്ര സർവകലാശാലയിൽ ആർ എസ് എസിനെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന അധ്യാപകരെ നിശ്ശബ്ദരാക്കുന്ന സർക്കുലറുമായി അധികൃതർ
കാഞ്ഞങ്ങാട് | പെരിയ കേന്ദ്ര സർവകലാശാലയിൽ ആർ എസ് എസിനെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന അധ്യാപകരെ നിശ്ശബ്ദരാക്കുന്ന സർക്കുലറുമായി അധികൃതർ. പ്രകോപനമുണ്ടാക്കുന്നതോ ദേശവിരുദ്ധമായതോ ആയ പ്രഭാഷണങ്ങളോ പ്രസ്താവനകളോ ഒഴിവാക്കണമെന്ന് അധ്യാപകരോട് നിർദേശിക്കുന്ന സർക്കുലറാണ് കേന്ദ്ര സർവകലാശാലയിൽ പുറത്തിറക്കിയിരിക്കുന്നത്. വൈസ് ചാൻസലറുടെ അംഗീകാരത്തോടെയാണിതെന്നാണ് വിവരം.
സർവകലാശാലയിലെ ഒരു അധ്യാപകൻ ഓൺലൈൻ ക്ലാസ്സിൽ ആർ എസ് എസിനെയും സംഘ്പരിവാർ സംഘടനകളെയും ‘പ്രോട്ടോ ഫാസിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരുന്നു. ക്ലാസ്സിലെ തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂൺ പത്തിന് വൈസ് ചാൻസലർ സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
അതേസമയം, ദേശവിരുദ്ധ പ്രസ്താവനകളും പ്രഭാഷണങ്ങളും എന്താണെന്ന് സർക്കുലറിൽ വിശദീകരിക്കുന്നില്ല. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തെ വിമർശിക്കുമ്പോൾ അത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്ന പരിഹാസ്യ നിലപാടാണ് സർവകലാശാലാ അധികൃതർ സ്വീകരിക്കുന്നതെന്നാണ് ഒരുവിഭാഗം അധ്യാപകർ അഭിപ്രായപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നതിനെതിരെ ശക്തമായ വിമർശം ഉയർന്നിട്ടുണ്ട്.