National
സി ഐ എസ് എഫ് ജവാന്മാർക്ക് ഇനി പോസ്റ്റിംഗ് സ്ഥലം സ്വയം തിരഞ്ഞെടുക്കാം
ഓരോ ഉദ്യോഗസ്ഥർക്കും ഇഷ്ടപ്പെട്ട പത്ത് പോസ്റ്റിംഗ് സ്ഥലങ്ങൾ പട്ടികപ്പെടുത്താൻ അവസരം നൽകും
ന്യൂഡൽഹി | സി ഐ എസ് എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ജവാൻമാർക്ക് പോസ്റ്റിംഗ് സ്ഥലം സ്വയം തിരഞ്ഞെടുക്കാൻ അവസരമൊരുക്കി പുതിയ പോസ്റ്റിംഗ് നയം അവതരിപ്പിച്ചു. ഓരോ ഉദ്യോഗസ്ഥർക്കും ഇഷ്ടപ്പെട്ട പത്ത് പോസ്റ്റിംഗ് സ്ഥലങ്ങൾ പട്ടികപ്പെടുത്താൻ അവസരം നൽകും. ഇതാദ്യമായാണ് തിരഞ്ഞെടുക്കാവുന്ന പോസ്റ്റിംഗ് ഏർപ്പെടുത്തുന്നതെന്ന് സി ഐ എസ് എഫ്. ഐ ജി (എ ഡി എം) ഡോ. കെ സി സാമന്തരായ് ന്യൂഡൽഹിയിൽ അറിയിച്ചു.
രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് അവർ തിരഞ്ഞെടുക്കുന്ന മൂന്ന് സ്ഥലങ്ങളിൽ ഒന്നിൽ പോസ്റ്റിംഗ് നൽകും. പോസ്റ്റിംഗ് നൽകുമ്പോൾ ഇവർക്ക് ആദ്യ മുൻഗണന നൽകുമെന്നും സാമന്തരായ് വ്യക്തമാക്കി. സ്ത്രീകൾക്കും ദമ്പതികൾക്കും, ആറ് വർഷത്തെ നോൺ ചോയ്സ് പോസ്റ്റിംഗിന് ശേഷം, ചോയ്സ് അധിഷ്ഠിത പോസ്റ്റിംഗ് ഓപ്ഷൻ നൽകും.
കൂടുതൽ ഊർജ്ജസ്വലവും സംതൃപ്തവുമായ ഒരു ശക്തി സൃഷ്ടിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്ന് ഡോ. കെ സി സാമന്തരായ് അറിയിച്ചു. 1.9 ലക്ഷം ജവാന്മാർ അടങ്ങുന്ന സിഐഎസ്എഫ് വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും 359 യൂണിറ്റുകൾക്ക് സുരക്ഷ നൽകുന്നുണ്ട്.