National
അനുവാദമില്ലാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്റെ ഓഫീസിൽ കയറിയിറങ്ങുന്നു; രാജ്യസഭാ ചെയർമാന് പരാതി നൽകി മല്ലികാർജുൻ ഖാർഗെ
ആരുടെ അനുവാദപ്രകാരമാണ് ഉദ്യോഗസർ തന്റെ ചേംബറിൽ പ്രവേശിക്കുന്നതെന്ന് അറിയണമെന്നും ഖാർഗെ
ന്യൂഡൽഹി | സിപിഡബ്ല്യുഡി, സിഐഎസ്എഫ്, ടാറ്റ പ്രോജക്ട്സ് എന്നിവയിലെ ഉദ്യോഗസ്ഥർ തന്നെ അറിയിക്കാതെ പാർലമെന്റിലെ തന്റെ ഓഫീസിൽ പ്രവേശിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻഖറിന് കത്തയച്ചു. ഇത് അസാധാരണമായ സംഭവവികാസമാണെന്നും ഒരു എംപി എന്ന നിലയിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും തന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
അങ്ങേയറ്റം അപമാനകരവും തികച്ചും അസ്വീകാര്യവുമായ നടപടിയാണിത്. ആരുടെ അനുവാദപ്രകാരമാണ് ഉദ്യോഗസർ തന്റെ ചേംബറിൽ പ്രവേശിക്കുന്നതെന്ന് അറിയാൻ താത്പര്യമുണ്ട്. ഈ വിഷയം ഗൗരവമായി എടുക്കണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അന്തസ്സിനെ ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നതായും ഖാർഗെ വ്യക്തമാക്കി.
അതേസമയം, സിഐഎസ്എഫ് ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ പാർലിമെന്റിൽ നവീകരണ / നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പാർലമെന്റിനുള്ളിലെ പ്രോട്ടോക്കോളിന്റെ ഭാഗമായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മറ്റ് ഏജൻസികൾക്കൊപ്പം ഉണ്ടാകാറുണ്ടെന്ന് ഇക്കാര്യം അറിയാവുന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.