National
ഡല്‍ഹിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
15 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ്.
ന്യൂഡല്‍ഹി | ഡല്‍ഹി രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ വില്‍പന കേന്ദ്രത്തില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. 30കാരനായ വ്യക്തിയാണ് വെടിയുണ്ടക്കിരയായത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. 15 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ടയാളെയോ പ്രതികളെയോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിനായി സംഘങ്ങളെ നിയോഗിച്ചതായും തെളിവുകള്‍ക്കായി സിസിടിവി ദൃശ്യങ്ങളെ ആശ്രയിക്കുമെന്നും പശ്ചിമ ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.
ഇന്നലെ രാത്രി 9.20ഓടെയാണ് സംഭവമുണ്ടായത്. ഒരേ സമയത്ത് ബര്‍ഗര്‍ കേന്ദ്രത്തിലേക്ക് എത്തിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ വഴക്കിടുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. വെടിവെപ്പില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവെപ്പിനു ശേഷം അക്രമികള്‍ തങ്ങള്‍ എത്തിയ ബൈക്കുകളില്‍ തന്നെ ഇവിടെ നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.