National
പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയും
ജനങ്ങളുടെ രാഷ്ട്രീയ സിവില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രവും സുതാര്യവുമായ അന്തരീക്ഷത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനും സാധിക്കണം.
ന്യൂയോര്‍ക്ക് | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയും. സ്വതന്ത്രവും സുതാര്യവുമായ ജനാധിപത്യത്തിനു കീഴില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും രാജ്യത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജറിക് പ്രതികരിച്ചു. ഇന്ത്യയെന്നല്ല, ലോകത്തെ ഏത് രാജ്യത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ഇതാണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ രാഷ്ട്രീയ സിവില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രവും സുതാര്യവുമായ അന്തരീക്ഷത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനും സാധിക്കണം.
കെജ് രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍ തുടങ്ങി ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ഒരു മാധ്യമ ലേഖകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡുജറിക്.
അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതികരണം അമേരിക്ക ആവര്‍ത്തിച്ചു. കെജ്രിവാളിന് നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും യു എസ് പ്രതിനിധി പറഞ്ഞു.
ഈ വിഷയത്തില്‍ നേരത്തേ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ ന്യൂഡല്‍ഹിയിലെ യു എസ് മിഷന്‍ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബര്‍ബേനയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മില്ലര്‍.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും മില്ലര്‍ പ്രതികരിച്ചു. ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലായെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മില്ലര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേരത്തേ, ജര്‍മനിയും സമാനമായ വിമര്‍ശം നടത്തിയിരുന്നു.