Connect with us

Kerala

രാജ്യത്തെ പൗരന്മാർക്ക് സമാധാനത്തോടെ ജീവിക്കാന്‍ ഇടപെടലുകള്‍ വേണം: സമസ്ത

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊക്കെ അടര്‍ത്തിമാറ്റി, മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും സമസ്ത

Published

|

Last Updated

മലപ്പുറം | രാജ്യം അരക്ഷിതാവസ്ഥകളിലൂടെ സഞ്ചരിക്കുന്ന ദയനീയതയാണ് സമകാലിക സാഹചര്യങ്ങളിലൂടെ കാണേണ്ടി വരുന്നതെന്നും രാജ്യത്തെ ഓരോ പൗരനും സമാധാനത്തോടെ ജീവിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുണ്ടാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ സംഗ്രഹമാണ്. ജനാധിപത്യവും മതേതരത്വവുമടങ്ങുന്ന മൂല്യങ്ങളാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, സമീപകാലത്ത് അത്തരം മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന കാഴ്ചകളും വാര്‍ത്തകളുമാണ് കണ്ടുവരുന്നത്.

ന്യൂനപക്ഷ ആരാധനലായങ്ങള്‍ക്കു നേരെയാണ് വര്‍ഗീയവാദികള്‍ വിഷം കലര്‍ത്തിയ ആയുധങ്ങളുമായി പാഞ്ഞടുക്കുന്നത്. ബാബരി മസ്ജിദിലും ഗ്യാന്‍വാപിയിലുമൊക്കെ മസ്ജിദുകളുടെ സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദങ്ങള്‍ പുറപ്പെടുവിക്കുന്നതും പിന്നീട്, മുസ്‍ലിം പള്ളികളും മഖാം ശരീഫുകളും ഇവര്‍ തകര്‍ക്കുന്നതു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

വിദ്വേഷവും അരിശവും തീരാതെ, ഒരുപാട് മസ്ജിദുകളും മസാറുകളും തകര്‍ക്കുമെന്നും ആക്രമിക്കുമെന്നും വെറുപ്പിന്റെ വക്താക്കള്‍ ഉദ്ഘോഷിക്കുന്നത് ഏറെ ആശങ്കയോടെയാണ് ലോകം കേള്‍ക്കുന്നത്. ഇത്തരം അസഹിഷ്ണുത പരത്തുന്ന വിധ്വംസക ശക്തികളെ നമ്മള്‍ ഭാരതീയ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണം.

മതസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊക്കെ അടര്‍ത്തിമാറ്റി, മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

രാജ്യ ശില്‍പ്പികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് രാജ്യം ഭരിക്കുന്ന അധികാരികളാണെന്നും മത-ജാതി ഭേദമന്യേ എല്ലാ ഭാരതീയരും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് രാജ്യത്ത് സമാധാനം പുലരുകയുള്ളുവെന്നും ജനമനസ്സുകളില്‍ വിദ്വേഷവും ഭീതിയും പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്ക് കടിഞ്ഞാടിണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികള്‍, മദ്രസകള്‍ മുതലായ മതസ്ഥാപനങ്ങള്‍ സുന്നികളാല്‍ സ്ഥാപിക്കപ്പെട്ടതായിരിക്കയാല്‍ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങള്‍ നടത്തുവാനോ ഖാസി സ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത് മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്കല്ലാതെ കൈ നെഞ്ചത്ത് വെക്കല്‍, ഖുതുബ പരിഭാഷ ചെയ്യല്‍, തറാവീഹ് എട്ട് റക്അത്താക്കല്‍, നമസ്‌കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടല്‍ മുതലായ അനാചാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വഹാബി മൗദൂദ്യാദി കക്ഷികള്‍ക്ക് മത ദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തില്‍ വെക്കാന്‍ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു
എന്ന 1963 ഡിസംബര്‍ 29 ന് പ്രസിഡന്റ് സ്വദഖതുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ അംഗീകരിച്ച പ്രമേയം പണ്ഡിത സമ്മേളനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

Latest