Connect with us

National

പൗരത്വ നിയമം: സുപ്രീംകോടതി പരിഗണിക്കുന്നത് കേരള മുസ്ലിം ജമാഅത്ത് ഉൾപ്പെടെ നൽകിയ 237 ഹരജികൾ

ആൾ ഇൻഡ്യാ കോൺഗ്രസ് കമ്മിറ്റിയോ കേരള പ്രദേശ് കോൺ കമ്മിറ്റിയോ കേസിൽ കക്ഷി ചേർന്നിട്ടില്ലെന്നത് ഏറെ നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുൻമന്ത്രി കെ ടി ജലീൽ

Published

|

Last Updated

ന്യൂഡൽഹി | പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത് കേരള സർക്കാറും കേരള മുസ്ലിം ജമാഅത്ത് ഉൾപ്പെടെ സംഘടനകളും നൽകിയ 237 ഹരജികൾ. സി.പി.ഐ(എം), ഇൻഡ്യൻ യൂണിയൻ മുസ്ലിംലീഗ്, സി.പി.ഐ,

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ,
ആൾ ഇൻഡ്യ ലോയേഴ്സ് യൂണിയൻ,
ഇ കെ വിഭാഗം സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്വത്തുൽ മുജാഹിദീൻ, സമസ്ത കേരള സുന്നി യുവജന സംഘം, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ജമാഅത്ത് കൗൺസിൽ, മുസ്ലിം അസോസിയേഷൻ, ചാവക്കാട് സെക്കുലർ ഫോറം, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ആൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെൻ്റെർ, ആൾ ഇൻഡ്യ ഇത്തിഹാദുൽ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസി, തുടങ്ങി സംഘടനകളും വ്യക്തികളും പൗരത്വഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെട്ടുപ്പറ്റീഷൻ സമർപ്പിച്ചവരിൽ ഉൾപ്പെടും.

ഗുജറാത്ത് കലാപത്തെ രൂക്ഷമായി എതിർത്ത് ലേഖനമെഴുതിയതിനെ തുടർന്ന് പീഠനത്തിനിരയായി ഐ.എ.എസ് പദവി രാജിവെച്ച, പ്രമുഖ കോളമിസ്റ്റുമായ ഹർഷ് മാൻഡറും ഹർജിക്കാരിൽ ഉൾപ്പെടും. പ്രശാന്ത്ഭൂഷൺ മുഖേനയാണ് കോടതിയിൽ അദ്ദേഹം റിട്ട് പെറ്റിഷൻ നൽകിയിരിക്കുന്നത്. ഇപ്പോഴത്തെ സമാജ് വാദി പാർട്ടി എം.പി, കപിൽ സിബിലാണ് മുസ്ലിംലീഗിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്. മുൻ എം.പിമാരായ മഹുവ മൊയ്ത്ര, രമേശ് ചെന്നിത്തല, ടി.എൻ പ്രതാപൻ, യു.പിയിലെ ആസാദ് സമാജ് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, മുതലായവരും പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിച്ചവരിലുണ്ട്.

ഇന്നത്തെ മൂന്നാമത്തെ ഐറ്റമായാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വരുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. കോടതി വിധി എന്താകുമെന്നറിയാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ആൾ ഇൻഡ്യാ കോൺഗ്രസ് കമ്മിറ്റിയോ കേരള പ്രദേശ് കോൺ കമ്മിറ്റിയോ കേസിൽ കക്ഷി ചേർന്നിട്ടില്ലെന്നത് ഏറെ നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുൻമന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

എ.ഐ.സി.സിയോ കെ.പി.സി.സിയോ റിട്ട് പെറ്റിഷൻ നൽകാത്ത പശ്ചാതലത്തിൽ കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് മൽസരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരാൾപോലും CAA ക്കെതിരായി ഹർജി നൽകിയിട്ടില്ലെന്നത് ആശ്ചര്യകരമാണെന്നും കെ ടി ജലീൽ പറഞ്ഞു. രാഹുൽഗാന്ധി പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് പുലർത്തുന്ന മൗനം അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണ്. സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്താൽ അതിൻ്റെ പിന്നിൽ കൂടാനും അതല്ലെങ്കിൽ ”ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ” എന്ന മട്ടിൽ മുന്നോട്ടു പോകാനുമാണത്രെ കോൺഗ്രസിൻ്റെ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.