Kerala
പൗരത്വ ഭേദഗതി നിയമം അഭയാർഥികളെ സൃഷ്ടിക്കും: എം മുകുന്ദൻ
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ദുഃഖകരമായ വാർത്തകളാണ് കേൾക്കാൻ പോകുന്നത്
കണ്ണൂർ | പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാർഥികളെ സൃഷ്ടിക്കുമെന്ന് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ്സ്ക്ലബും രജിത് റാം സുഹൃദ്‌സംഘവും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ രജിത് റാം സ്മാരക മാധ്യമ അവാർഡ് പ്രസ്സ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ മധുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിൽ നിന്നൊക്കെ കുടിയേറിപ്പാർത്ത അവർക്ക് മേൽവിലാസമോ രേഖകളോ ഒന്നുമില്ല. ഒന്നുമില്ലാത്ത ഇത്തരം മനുഷ്യരെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. കേരളത്തിലും നമ്മുടെ പ്രതീക്ഷകൾ ഇല്ലാതാവുകയാണ്. പ്രതീക്ഷയായിരുന്ന സൂര്യനും അസ്തമനത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിൽ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ദുഃഖകരമായ വാർത്തകളാണ് കേൾക്കാൻ പോകുന്നത്. അതിന് നാം ഓരോരുത്തരും തയ്യാറായിരിക്കണം. രാജ്യത്ത് ഇ വി എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവത്്കരണം നടത്തണം. സാങ്കേതികവിദ്യ ഏറെ വളർന്ന അമേരിക്കയിൽ പോലും മിക്ക സ്റ്റേറ്റുകളിലും ഇ വി എം ഉപയോഗിക്കുന്നില്ല. ബാലറ്റാണ് അവിടങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലേറ്റിയത് ബാലറ്റാണ്. നിർമിതിബുദ്ധിയുടെ കാലത്ത് എന്തും സംഭവിക്കാം. നാം മൊബൈലിൽ നോക്കുമ്പോൾ പോലും നമ്മുടെ ചിത്രം പകർത്തി നാമറിയാതെ ലോകത്ത് എവിടെയുമെത്തും.
പത്മജാ വേണുഗോപാലിന്റെ കൂറുമാറ്റം ഏറെ വേദനിപ്പിച്ചു. ഉത്തരേന്ത്യയിൽ നിരവധി നേതാക്കളാണ് ഓരോ പാർട്ടിയിൽ നിന്നും കൂറുമാറുന്നത്. കേരളത്തിൽ മത്സരിക്കുന്ന എത്ര എം പിമാർ കൂറുമാറി മറ്റ് പാർട്ടികളിലേക്ക് ചേരുമെന്ന് പറയാനില്ല. ആകെ പോകില്ലെന്ന് ഉറപ്പു പറയാൻ കഴിയുന്നത് ഇടതുപക്ഷക്കാരാണെന്നും അദ്ദേഹം പറഞ്ഞു.