Connect with us

Articles

മതം നോക്കി പൗരത്വം; ഇത് പുതിയ ഇന്ത്യ

തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ മുസ്‌ലിം വിഭാഗത്തിന്റെ രക്തരൂക്ഷിത സമരവും വാര്‍ത്തകളും ബി ജെ പി ആഗ്രഹിക്കുന്നുണ്ടാകണം. പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും ഇടമുണ്ടെങ്കിലും കരിനിയമങ്ങളുടെ കാലം അവസാനിക്കാനുള്ള ഏക മാര്‍ഗം ബി ജെ പിയുടെ പരാജയമാണ് എന്ന് മതേതര ജനാധിപത്യ മനസ്സുകള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനുതകുന്ന വിവേകപൂര്‍വകമായ ചുവടുവെപ്പുകളാണ് സി എ എ വിരുദ്ധ പ്രതിഷേധങ്ങളിലും തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ടത്.

Published

|

Last Updated

പൗരാണിക ഭാരതീയ തത്ത്വചിന്തകനായ ബൃഹസ്പതിയാണ് യുക്തിവാദ സരണിയായ ചാര്‍വാക പ്രസ്ഥാനം രൂപപ്പെടുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. മതം പുറത്തു നിര്‍ത്തിയിരുന്ന എണ്ണത്തില്‍ കുറവുള്ള അവര്‍ ന്യൂനപക്ഷമായിരുന്നു. വനവാസ കാലത്ത് തന്നെ കാണാനെത്തിയ സഹോദരന്‍ ഭരതനോട് ശ്രീരാമന്‍ നടത്തിയ ആദ്യ കുശലപ്രശ്‌നം ചാര്‍വാകന്‍മാരുടെ ക്ഷേമത്തെക്കുറിച്ചായിരുന്നു എന്ന് രാമായണം സൂചിപ്പിക്കുന്നു. ന്യൂനപക്ഷ സംരക്ഷണം എന്നത് ത്രേതായുഗത്തില്‍ പോലും പൗരബോധത്തിന്റെയും പുരോഗമന രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും അടിസ്ഥാന ശിലയായിരുന്നു എന്ന് അതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമ്പോള്‍ മറുവശത്ത് സ്വന്തം രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ അന്യവത്കരിച്ചും രണ്ടാംകിട പൗരന്‍മാരാക്കി ഇരുട്ടില്‍ തള്ളിയും നീങ്ങുന്ന കേന്ദ്ര സര്‍ക്കാറിന്റെ സങ്കുചിത ചിന്തകള്‍ ലോകത്തിന് മുന്നില്‍ അനാവൃതമാകുകയാണ്.
1955 ഡിസംബര്‍ 30നാണ് ഇന്ത്യന്‍ പൗരത്വ നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത്. അഞ്ച് മുതല്‍ 11 വരെയുള്ള ചട്ടങ്ങള്‍ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നു. 1986, 1992, 2003, 2005 വര്‍ഷങ്ങളില്‍ ഭേദഗതികള്‍ വന്നിട്ടുണ്ടെങ്കിലും അവയൊന്നും വിവേചനപരമായിരുന്നില്ല. എന്നാല്‍ 2019 ഡിസംബറിലെ പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിഭാഗത്തെ പുറത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു. 2014 ഡിസംബര്‍ 31 വരെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സത്വര നടപടികളിലൂടെ ഇനി ഇന്ത്യന്‍ പൗരത്വം ലഭ്യമാകും. നിശ്ചിത കാലയളവ് ഇന്ത്യയില്‍ താമസിക്കണമെന്ന നിബന്ധന ഇളവ് ചെയ്തിട്ടുണ്ട്. എന്ന് മുതല്‍ ഇന്ത്യയില്‍ താമസമുണ്ട് എന്നത് അപേക്ഷയില്‍ സൂചിപ്പിച്ചാല്‍ മതി, തെളിവ് ഹാജരാക്കേണ്ടതില്ല.

എന്‍ ആര്‍ സി എന്ന പേരില്‍ അറിയപ്പെടുന്ന ദേശീയ പൗരത്വ രജിസ്റ്ററിന്റെ ചരിത്രമെടുത്താല്‍ അത് ബാധകമായിരുന്നത് അസമിനു മാത്രമായിരുന്നു. 1951ലെ സെന്‍സസിന്റെ ഭാഗമായി അസമില്‍ എന്‍ ആര്‍ സി നടപ്പാക്കിയിരുന്നു. പില്‍ക്കാലത്ത് ബംഗ്ലാദേശ് യുദ്ധാനന്തരവും, അസം അക്കോര്‍ഡ് നടപ്പിലാക്കുമ്പോഴും എന്‍ ആര്‍ സി പുതുക്കാനുള്ള മുറവിളി അസമില്‍ നിന്ന് മുഴങ്ങിക്കൊണ്ടേയിരുന്നു. 2013ല്‍ സുപ്രീം കോടതി ഇടപെടലിലൂടെ അസമില്‍ എന്‍ ആര്‍ സി പുതുക്കാനുള്ള കളമൊരുങ്ങി. നൂലാമാലകളും കടമ്പകളും പിന്നിട്ട് 1,602 കോടി ചെലവിട്ട് സുദീര്‍ഘമായ എന്‍ ആര്‍ സി പുതുക്കല്‍ പ്രക്രിയ 2019 ആഗസ്റ്റ് 31ന് പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇതില്‍ 15 ലക്ഷത്തിനടുത്ത് ഹിന്ദുക്കളാണ്. നാല് ലക്ഷത്തിലേറെ മുസ്‌ലിംകളുമുണ്ട്. പുതിയ നിയമം വഴി മുസ്‌ലിംകള്‍ മാത്രമാണ് പൗരത്വ പട്ടികക്ക് പുറത്താവുക. ആയിരങ്ങളെ കുത്തിനിറക്കാന്‍ പാകത്തില്‍ 16 ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ നിലവില്‍ അസമില്‍ പൂര്‍ത്തിയായിട്ടുണ്ട്. വിശ്വാസം ഇസ്‌ലാമായി എന്നതിന്റെ മാത്രം പേരില്‍ പൗരത്വം നിഷേധിക്കപ്പെട്ട് ഈ നാല് ലക്ഷം മനുഷ്യര്‍ സ്വന്തം ജീവിത പരിസരത്ത് നിന്ന് പറിച്ചു മാറ്റി ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ എറിയപ്പെടുന്ന പക്ഷം അത് പരിഷ്‌കൃത കാലത്തെ കെട്ട കാഴ്ചകളിലൊന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്‍ ആര്‍ സി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി ഇടപെടല്‍ വഴി അസമില്‍ എന്‍ ആര്‍ സി നടപടികള്‍ പുരോഗമിച്ച വേളയില്‍ 1964ലെ ഫോറിനര്‍ ട്രൈബ്യൂണല്‍ ആക്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തു. വ്യക്തികളുടെ പൗരത്വവുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അസമില്‍ സ്ഥാപിക്കപ്പെട്ട ക്വാസി ജുഡീഷ്യല്‍ സംവിധാനമാണ് ഫോറിനര്‍ ട്രൈബ്യൂണല്‍. 2019ലെ ഭേദഗതി പ്രകാരം മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഫോറിനര്‍ ട്രൈബ്യൂണല്‍ അധികാരം കൈമാറാന്‍ തീരുമാനിച്ചിരുന്നു. ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനുള്ള ആധികാരികത അവരുടെ ഓഫീസുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ രാജ്യം മുഴുവന്‍ എന്‍ ആര്‍ സിയും സെന്‍സസിനോടൊപ്പം എന്‍ പി ആറും നടപ്പാക്കാന്‍ പോകുന്നുവെന്ന പ്രതീതിയുളവാക്കി. എന്നാല്‍ സി എ എ നിയമം തന്നെ ചട്ടങ്ങള്‍ ഉണ്ടാക്കാതെ അഞ്ച് വര്‍ഷം അലമാരയില്‍ സൂക്ഷിക്കുകയും തിരഞ്ഞെടുപ്പ് അജന്‍ഡയായി പുറത്തെടുക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ബി ജെ പിയുടെ ധ്രുവീകരണ തന്ത്രവും ദുഷ്ടലാക്കുമായാണ് നിഷ്പക്ഷമതികള്‍ ഇതിനെ വിലയിരുത്തുന്നത്. 39 പേജുള്ള കഴിഞ്ഞ ദിവസമിറങ്ങിയ വിജ്ഞാപനത്തിന്റെ നാല് പേജ് മാത്രമാണ് ചട്ടങ്ങള്‍ക്കായി നീക്കി വെച്ചത്.
മുസ്‌ലിം വിഭാഗക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹീനപ്രചാരണം അതിന്റെ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോകുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് അത്തരം ഭയപ്പാടുകളുടെ മുറിവുകളില്‍ എരിവു പുരട്ടുന്ന ഒന്നാണ് സി എ എ നിയമം. മുസല്‍മാന്‍ ചിറ്റമ്മ നയമര്‍ഹിക്കുന്നുവെന്ന പൊതു ബോധം വളരെ വേഗം പടര്‍ത്തി വിടാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏഴ് കോടിയിലധികം മുസ്‌ലിം സ്ത്രീകള്‍ ഇന്ത്യയിലുണ്ടെന്ന് കണക്കുകള്‍ പറയുന്നു. യുനെസ്‌കോ റിപോര്‍ട്ടുകള്‍ പ്രകാരം ഇവരിലെ സാക്ഷരതാ നിരക്ക് 52 ശതമാനം മാത്രമാണ്. രാജ്യത്തെ ഏറ്റവും കുറവ് തൊഴില്‍ പ്രാതിനിധ്യമുള്ള വിഭാഗം മുസ്‌ലിം സ്ത്രീകളാണ്. ഹിജാബും നിഖാബും പര്‍ദയുമൊക്കെ അവരെ ലക്ഷ്യം വെക്കാനുള്ള ചിഹ്നങ്ങളായി മാറി. രാജ്യത്ത് 18 ശതമാനം ദളിത് യുവാക്കള്‍ ബിരുദം നേടുമ്പോള്‍ മുസ്‌ലിംകളിലത് 14 ശതമാനം മാത്രമാണ്. ദളിത് വിദ്യാര്‍ഥികളിലെ 44 ശതമാനം പേരും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുമ്പോള്‍ മുസ്‌ലിംകളില്‍ അത് 39 ശതമാനം മാത്രമാണ്. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും മുതല്‍ വഴിവാണിഭക്കാര്‍ വരെ വലിയ ബഹിഷ്‌കരണ ആഹ്വാനം നേരിടേണ്ടി വരുന്നു. ഇവര്‍ക്കു നേരെ അധികാരികളില്‍ നിന്നുള്ള പീഡനവും സാധാരണയാണ്. കശ്മീരി ഫയല്‍സ് പ്രദര്‍ശന വേളയില്‍ നോയിഡയില്‍ നിന്ന് ഉയര്‍ന്ന “മുല്ലാ ഹേ മാര്‍തേ തൊ മജാ ആതെ’ എന്ന ആക്രോശങ്ങള്‍ നാഷനല്‍ ഹെറാള്‍ഡ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു. 2023 ജൂലൈയില്‍ ആര്‍ പി എഫ് കോണ്‍സ്റ്റബിളായ ചേതന്‍സിംഗ് ചൗധരി പര്‍ദയിട്ട സ്ത്രീയുടെ നേരെ തോക്ക് ചൂണ്ടി ജയ് മാതാജി വിളിക്കാന്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂന്ന് മുസ്‌ലിം യാത്രക്കാരെ അകാരണമായി വെടിവെച്ച് കൊന്നത്. വിഷലിപ്തമായ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി സാധാരണ മനുഷ്യരില്‍ മുസ്‌ലിം വിരോധം കുത്തി വെക്കുന്നതില്‍ വര്‍ഗീയ ശക്തികള്‍ എത്ര മാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നതിന് മറ്റു ഉദാഹരണങ്ങള്‍ ആവശ്യമില്ല.

സി എ എ നിയമവും ചട്ടങ്ങളും ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14ന്റെ സങ്കല്‍പ്പങ്ങള്‍ക്ക് കടകവിരുദ്ധമാണ്. സമാനമായി ആര്‍ട്ടിക്കിള്‍ 15(1), 15(2), 21, 25, 29 എന്നിവയൊക്കെ മുന്നോട്ടു വെക്കുന്ന ആശയങ്ങളെ സി എ എ റദ്ദ് ചെയ്യുന്നുണ്ട്. സുപ്രീം കോടതി മാത്രമാണ് അവശേഷിക്കുന്ന ഏക അവലംബം. 1992ലെ യു എന്‍ ന്യൂനപക്ഷ പ്രഖ്യാപനത്തിന് കടകവിരുദ്ധമായാണ് സി എ എ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലോകജനസംഖ്യയുടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയുള്ള ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ പരിഷ്‌കൃത സമൂഹത്തിന്റെ പ്രതിരോധം ലീഗ് ഓഫ് നേഷന്‍സിന്റെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ട്. 92ലെ യു എന്‍ നിയമം ആ ദിശയിലെ വലിയ നാഴികക്കല്ലാണ്. ദി ഒബ്‌സര്‍വര്‍ പത്രം എഡിറ്ററായ ഡേവിഡ് ആസ്റ്ററും നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മൈനോരിറ്റി റൈറ്റ്‌സ് ഗ്രൂപ്പ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ എന്‍ ജി ഒകളും സി എ എ നിയമത്തില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് സംഭവിക്കുന്ന മാറ്റത്തില്‍ നിരാശ പങ്കുവെക്കുന്ന വലിയൊരു അന്താരാഷ്ട്ര സമൂഹം ഇന്ന് രൂപപ്പെട്ടു കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്നെയുള്ള സി എ എ പ്രഖ്യാപനം കേവലം വോട്ട് അജന്‍ഡയാണെന്ന് അറിയാത്തവരായി ആരുമില്ല. സമ്പൂര്‍ണമായ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം ബി ജെ പി ലക്ഷ്യമിടുന്നു. വൈകാരിക കെണി ഒരുക്കിവെച്ച് അതിലേക്ക് മുസ്‌ലിംകളെ ഓടിച്ചു കയറ്റാന്‍ സാധിച്ചാല്‍ ബി ജെ പി യുടെ പദ്ധതി വന്‍ വിജയമാകും. 2019ലെ സി എ എ വിരുദ്ധ സമരം 25 മനുഷ്യജീവനുകള്‍ നഷ്ടമാക്കി. പതിനായിരക്കണക്കിന് ക്രിമിനല്‍ കേസുകള്‍ എടുത്തിട്ടുണ്ട്. 800ലധികം കേസുകള്‍ കേരളത്തിന്റെ സംഭാവനയായുണ്ട്. ആയിരക്കണക്കിന് കോടികളുടെ നഷ്ടം സംഭവിച്ചു. 18 പേര്‍ മരിച്ച യു പിയും അഞ്ച് പേര്‍ രക്തസാക്ഷികളായ അസമും മുതല്‍ രണ്ട് ജീവന്‍ നഷ്ടമായ മംഗലാപുരം വരെ അതില്‍ പെടും. ശഹീന്‍ബാഗ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ മുസ്‌ലിം വിഭാഗത്തിന്റെ രക്തരൂക്ഷിത സമരവും വാര്‍ത്തകളും ബി ജെ പി ആഗ്രഹിക്കുന്നുണ്ടാകണം. പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും ഇടമുണ്ടെങ്കിലും കരിനിയമങ്ങളുടെ കാലം അവസാനിക്കാനുള്ള ഏക മാര്‍ഗം ബി ജെ പിയുടെ പരാജയമാണ് എന്ന് മതേതര ജനാധിപത്യ മനസ്സുകള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനുതകുന്ന വിവേകപൂര്‍വകമായ ചുവടുവെപ്പുകളാണ് സി എ എ വിരുദ്ധ പ്രതിഷേധങ്ങളിലും തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ടത് എന്ന് സി എ എ നിയമത്തിന്റെ ഇരകള്‍ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

Latest