Connect with us

Editorial

പൗരത്വ നിയമം: പ്രതീക്ഷ ജുഡീഷ്യറിയില്‍

ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള ചുവടുവെപ്പായി വേണം പൗരത്വ നിയമത്തെ കാണാന്‍. പശുവിന്റെയും ജയ്ശ്രീരാം ജപത്തിന്റെയും പേരില്‍ രാജ്യത്ത് മുസ്‌ലിം ഹത്യ അരങ്ങേറുന്നതിനിടെയാണ്, മുസ്‌ലിം അപരവത്കരണത്തിന് ആക്കം കൂട്ടുന്ന ഈ നിയമ നിര്‍മാണമെന്നത് എത്രമാത്രം അപകടകരമാണ്.

Published

|

Last Updated

ഇന്ത്യന്‍ ജനതയില്‍ വംശീയ, വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന അപകടകരമായ നിയമമാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ തിങ്കളാഴ്ച നിലവില്‍ വന്ന പൗരത്വ ഭേദഗതി നിയമം-2024. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബറിനു മുമ്പ് ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ജനിച്ച പ്രദേശം, കുടിയേറിയ കാലം തുടങ്ങിയവയാണ് സാധാരണ ഗതിയില്‍ പൗരത്വം നല്‍കുന്നതില്‍ മാനദണ്ഡമാക്കാറുള്ളത്. 1955ലെ പൗരത്വ നിയമത്തില്‍ അതാണ് മാനദണ്ഡം. പകരം മതം മാനദണ്ഡമാക്കിയതാണ് പുതിയ നിയമത്തിനെതിരെ എതിര്‍പ്പ് ഉയരാന്‍ കാരണം. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകള്‍, തീര്‍ത്തും വിവേചനപരവും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്കും വിരുദ്ധവുമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടുന്നു. നാല് വര്‍ഷം മുമ്പ്, 2019 ഡിസംബറില്‍ പാര്‍ലിമെന്റ് പാസ്സാക്കിയതാണെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്നാണ് ഇതുവരെയും നടപ്പാകാതിരുന്നത്.
നിയമത്തില്‍ മതപരമായ വിവേചനമില്ലെന്നും ന്യൂനപക്ഷമായതിന്റെ പേരില്‍ പീഡനവും വിവേചനവും അനുഭവിക്കുന്ന മൂന്ന് അയല്‍രാഷ്ട്രങ്ങിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അഭയം നല്‍കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് മോദി സര്‍ക്കാറിന്റെ ന്യായീകരണം. എന്നാല്‍ എന്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മൂന്ന് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ മാത്രം സര്‍ക്കാര്‍ പരിഗണിച്ചു? ശ്രീലങ്ക, മ്യാന്മര്‍, നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് മറുപടിയില്ല. ഇന്ത്യയുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിടുന്ന മ്യാന്മറിനെ ഒഴിവാക്കിയാണ് പാക് അധീന കശ്മീരുമായി കുറച്ചു മാത്രം അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനെ പരിഗണിച്ചത്.

പാകിസ്താനും അഫ്ഗാനും ബംഗ്ലാദേശുമല്ലാത്ത അതിര്‍ത്തി രാജ്യങ്ങളിലുമുണ്ട് വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നവര്‍ ധാരാളം. വന്‍തോതില്‍ വംശഹത്യ നേരിടുന്നവരാണ് മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍. ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യ അടക്കമുള്ള അയല്‍ രാഷ്ട്രങ്ങളിലാണ് അവര്‍ അഭയം തേടിയത്. ചൈനയിലെ ഉയ്ഗൂറില്‍ മുസ്‌ലിംകള്‍ ക്രൂരമായ അടിച്ചമര്‍ത്തലിനും വംശഹത്യക്കും ഇരയാകുന്നു. ശ്രീലങ്കയില്‍ മുസ്‌ലിം, ക്രിസ്തീയ വിഭാഗങ്ങള്‍ പീഡനത്തിനിരയാകുന്നു. അയല്‍ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ പീഡനമാണ് പൗരത്വം നല്‍കുന്നതിന്റെ മാനദണ്ഡമായി കണക്കാക്കുന്നതെങ്കില്‍ ഇവരൊക്കെ പൗരത്വത്തിന് അര്‍ഹരാണ്. എന്നിട്ടും എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല? കാരണം വ്യക്തമാണ്. ഈ രാഷ്ട്രങ്ങളിലെല്ലാം പീഡിപ്പിക്കപ്പെടുന്നവര്‍ മുസ്‌ലിംകളാണ്. സവര്‍ക്കര്‍ ഒന്നാം നമ്പര്‍ ശത്രുവായി കണ്ട മുസ്‌ലിംകള്‍ക്ക് അഭയവും പൗരത്വവും നല്‍കാന്‍ സംഘ്പരിവാര്‍ സന്നദ്ധമായെങ്കിലല്ലേ അത്ഭുതമുള്ളൂ.

അഭയാര്‍ഥികളെയല്ലാതെ ഇന്ത്യക്കാരായ മുസ്‌ലിംകളെ നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മറ്റൊരു വാദം. എന്നാല്‍ നിയമത്തില്‍ ഇതര മതവിഭാഗങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കുന്നത്, ഇന്ത്യന്‍ മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരെന്ന് നിയമപരമായി സ്ഥാപിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വത്തിന് ഇത് ആഴത്തില്‍ മുറിവേല്‍പ്പിക്കും. യു എസ് പാര്‍ലിമെന്റിന്റെ കോണ്‍ഗ്രഗേഷനല്‍ റിസര്‍ച് സര്‍വീസ് നടത്തിയ പഠനവും പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ സ്ഥിരതാമസക്കാരായ മുസ്‌ലിംകളെ ബാധിക്കുമെന്ന് വിലയിരുത്തുന്നു. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും റിസര്‍ച് സര്‍വീസ് റിപോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനും നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതും ഭരണഘടനയുടെ ലംഘനവുമെന്നാണ് ഫെഡറല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്.

എല്ലാവര്‍ക്കും തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണ് നിയമം. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. എക്‌സിക്യൂട്ടീവിനോ ലെജിസ്ലേച്ചറിനോ ജുഡീഷ്യറിക്കോ ഒരു മതത്തോടും പ്രത്യേക മമതയോ വിരോധമോ പാടില്ല താനും. ഭരണഘടനയുടെ അടിസ്ഥാനപരമായ ഒരു ആശയം തിരുത്താന്‍ പാര്‍ലിമെന്റിന് അധികാരമില്ലെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. അതേസമയം ഭരണഘടന തന്നെ പൊളിച്ചെഴുതാന്‍ അവസരം പാര്‍ത്തിരിക്കുന്നവരോട് ഇത്തരം വേദാന്തമോതിയിട്ടെന്തു കാര്യം. ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള ചുവടുവെപ്പായി വേണം പൗരത്വ നിയമത്തെ കാണാന്‍. പശുവിന്റെയും ജയ്ശ്രീരാം ജപത്തിന്റെയും പേരില്‍ രാജ്യത്ത് മുസ്‌ലിം ഹത്യ അരങ്ങേറുന്നതിനിടെയാണ്, മുസ്‌ലിം അപരവത്കരണത്തിന് ആക്കം കൂട്ടുന്ന ഈ നിയമ നിര്‍മാണമെന്നത് എത്രമാത്രം അപകടകരമാണ്.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു. മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ് നിയമമെന്നും പിണറായി അഭിപ്രായപ്പെട്ടു. ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാറും നിയമം നടപ്പാക്കില്ലെന്ന് തറപ്പിച്ചു പറയുന്നു. എന്നാല്‍ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സര്‍ക്കാറുകളുടെ എതിര്‍പ്പ് മറികടക്കാന്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുമുണ്ട്. നിയമത്തിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ജുഡീഷ്യറിയിലാണ് ഇനി പ്രതീക്ഷ.