Uae
പൗരത്വം പിൻവലിക്കൽ തുടരുന്നു; സുരക്ഷാമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പൗരത്വം നഷ്ടമായി
വ്യാജരേഖ നിര്‍മിച്ചതിലൂടെ അനധികൃതമായി കുവൈത്ത് പൗരത്വം സമ്പാദിച്ച 50,000ഓളം പേരുടെ പൗരത്വം ഇതിനകം റദ്ദാക്കി കഴിഞ്ഞു.
കുവൈത്ത് സിറ്റി| കുവൈത്ത് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പൗരത്വം പിന്‍വലിക്കല്‍ പദ്ധതി നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു.
വ്യാജരേഖ നിര്‍മിച്ചതിലൂടെ അനധികൃതമായി കുവൈത്ത് പൗരത്വം സമ്പാദിച്ച 50,000ഓളം പേരുടെ പൗരത്വം ഇതിനകം റദ്ദാക്കി കഴിഞ്ഞു. മുന്‍ പാര്‍ലമെന്റ് അംഗം അടക്കം നിരവധി പ്രമുഖര്‍ക്കാണ് ശൈഖ് ഫഹദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ശന നടപടികളിലൂടെ ഇത്തവണ പൗരത്വം നഷ്ടമായത്.
എറ്റവും അവസാനമായി സുരക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥനും ഇതേ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ മൂന്നു മക്കള്‍ക്കും പൗരത്വം നഷ്ടമായി.സിറിയന്‍ പൗരനായ ഇദ്ദേഹത്തിന്റെ പിതാവ് വ്യാജരേഖകളിലൂടെ നേടിയ കുവൈത്ത് പൗരത്വത്തിന്റെ പിന്തുടര്‍ച്ചയായാണ് ഇയാള്‍ക്കും പത്താം വയസില്‍ പൗരത്വം ലഭിച്ചത്.എന്നാല്‍ 2016ല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നതപതവിയില്‍ ഇരിക്കവേ ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കുകയായിരുന്നു. ഇയാളുടെ മൂന്ന് മക്കളെയും മന്ത്രാലയത്തിലെ ഉന്നത പതവികളില്‍ നിയമിക്കുകയും ചെയ്തു.
നിലവില്‍ ഇയാള്‍ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുകയും ആവശ്യമായനിയമനടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി നേരിട്ട് നിര്‍ദേശിക്കുകയും ചെയ്തു കഴിഞ്ഞു.