First Gear
സിട്രോണ്‍ സി3 എയര്‍ക്രോസ് ഇന്ത്യയിലെത്തി
വാഹനത്തിന് 9.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി| സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന് 9.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള സിട്രോണ്‍ ഷോറൂമുകള്‍ വഴിയോ സിട്രോണ്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ എസ്യുവി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ്ങിനായി 25,000 രൂപയാണ് നല്‍കേണ്ടത്.
സി3 എയര്‍ക്രോസ് മൂന്ന് വേരിയന്റുകളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബേസ് വേരിയന്റിന്റെ പേര് യു എന്നും മിഡ് വേരിയന്റിന് പ്ലസ് എന്നും ഹൈ എന്‍ഡ് വേരിയന്റിന് മാക്‌സ് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. യു വേരിയന്റിന് 9.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മറ്റ് രണ്ട് വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചിട്ടില്ല. സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്യുവിയുടെ ഡെലിവറികള്‍ 2023 ഒക്ടോബര്‍ 15ന് ആരംഭിക്കും.
അഞ്ച്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ ഈ വാഹനം ലഭ്യമാകും. 90 ശതമാനം വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച വാഹനമാണ് ഇത്. അടുത്ത വര്‍ഷത്തോടെ ഈ പ്ലാറ്റ്‌ഫോമില്‍ അടുത്ത മോഡലും പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. സിട്രോണ്‍ സി3 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സിട്രോണ്‍ സി3 എയര്‍ക്രോസിലുമുള്ളത്. സിട്രോണ്‍ സി3 എയര്‍ക്രോസ് സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് പുറത്തിറക്കിയിരിക്കുന്നത്. 1.2 ലിറ്റര്‍, 3 സൈല്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സി3 എയര്‍ക്രോസിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 110 എച്ച്പി പവറും 170 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.