citu kerala
ഉജ്ജ്വല റാലിയോടെ സി ഐ ടി യു സമ്മേളനത്തിന് സമാപനം
ആനത്തലവട്ടം ആനന്ദനും എളമരം കരീമും വീണ്ടും നേതൃത്വത്തിൽ
![](https://assets.sirajlive.com/2022/12/citu.jpg)
കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയ- ഫാസിസ്റ്റ് അജന്‍ഡക്കുമെതിരെ പോരാടുമെന്ന പ്രഖ്യാപനവുമായി സി ഐ ടി യു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് സമാപനം. കോഴിക്കോട് കടപ്പുറത്തെ എം വാസു നഗറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന സമ്മേളനം കാലിക പ്രസക്തമായ നിരവധി പ്രമേയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായി.
വൈകുന്നേരം നടന്ന സമാപന റാലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികളെത്തിയിരുന്നു. സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളെയും ഘടകങ്ങളെയും പ്രതിനിധീകരിച്ച് 61 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി എളമരം കരീം ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ സമാപന പ്രസംഗം നടത്തി. മാമ്പറ്റ ശ്രീധരന്‍ നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പ്രകാശനം ചെയ്തു.
ആനത്തലവട്ടം ആനന്ദനും എളമരം കരീമും വീണ്ടും നേതൃത്വത്തിൽ
കോഴിക്കോട് | സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തിരഞ്ഞെടുത്തു. പി നന്ദകുമാറാണ് ട്രഷറര്‍. 21 വൈസ് പ്രസിഡന്റുമാരും 21 സെക്രട്ടറിമാരും ഉൾപ്പെടെ 45 ഭാരവാഹികള്‍ക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപവത്കരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍.
െബംഗളൂരുവില്‍ ജനുവരി 18 മുതല്‍ 22 വരെ നടക്കുന്ന സി ഐ ടി യു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി 624 പേരെയും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍. ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍ എന്നിവരില്‍ 25 ശതമാനമാണ് വനിതകൾ.
വൈസ് പ്രസിഡന്റുമാര്‍: എ കെ ബാലന്‍, സി എസ് സുജാത, ടി പി രാമകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ പി മേരി, എം കെ കണ്ണന്‍, എസ് ശര്‍മ, കൂട്ടായി ബഷീര്‍, എസ് ജയമോഹന്‍, യു പി ജോസഫ്, വി ശശികുമാര്‍, നെടുവത്തൂര്‍ സുന്ദരേശന്‍, അഡ്വ. പി സജി, സുനിതാ കുര്യന്‍, സി ജയന്‍ ബാബു, പി ആര്‍ മുരളീധരന്‍, ടി ആര്‍ രഘുനാഥ്, പി കെ ശശി, എസ് പുഷ്പലത, പി ബി ഹര്‍ഷകുമാര്‍.
സെക്രട്ടറിമാര്‍: കെ കെ ദിവാകരന്‍, കെ ചന്ദ്രന്‍ പിള്ള, കെ പി സഹദേവന്‍, വി ശിവന്‍കുട്ടി, സി ബി ചന്ദ്രബാബു, കെ എന്‍ ഗോപിനാഥ്, ടി കെ രാജന്‍, പി പി ചിത്തരഞ്ജന്‍, കെ എസ് സുനില്‍കുമാര്‍, പി പി പ്രേമ, ധന്യ അബിദ്, ഒ സി സിന്ധു, ദീപ കെ രാജന്‍, സി കെ ഹരികൃഷ്ണന്‍, കെ കെ പ്രസന്നകുമാരി, പി കെ മുകുന്ദന്‍, എം ഹംസ, പി ഗാനകുമാര്‍, ആര്‍ രാമു, എസ് ഹരിലാല്‍, എന്‍ കെ രാമചന്ദ്രന്‍.