Kerala
സമരവുമായി മുന്നോട്ട് പോയാല്‍ ആശാവര്‍ക്കമാരുടെ ജോലി പോകും; ഭീഷണിയുമായി സി ഐ ടി യു വനിതാ നേതാവ്
സമരം ഭരണത്തെ അട്ടിമറിക്കാനുള്ള രീതിയില്‍ ആയി മാറുന്നെന്നും സമരക്കാര്‍ ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നെന്നും പ്രേമ വിമര്‍ശിച്ചു.

കോഴിക്കോട് | വേതന വര്‍ധനവ് ഉള്‍പ്പെടെ നിരവധി ആവിശ്യങ്ങള്‍ മുന്‍ നിര്‍ത്തി സെക്രട്ടേറിയേറ്റില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ വീണ്ടും ഭീഷണി. ജോലിയില്‍ തിരിച്ചു കയറാതെ സമരം തുടരുന്നവരുടെ ജോലി നഷ്ടമാവുമെന്ന് ആശാ വര്‍ക്കേഴ്‌സ് & ഫെസിലിസ്റ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു) അഖിലേന്ത്യ പ്രസിഡന്റ് പി പി പ്രേമ താക്കീത് നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി ഐ ടി യു നടത്തുന്ന ബദല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സെക്രട്ടറിയേറ്റിലെ സമരം തെറ്റാണെന്ന് പറയുന്നില്ല. ആരാണ് ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്? കേന്ദ്ര സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ തയ്യാറാകുന്നില്ല. ഒരു വര്‍ഷം കേരളം ഈ തുക നല്‍കിയെന്നും പ്രേമ പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഭരണകര്‍ത്താക്കളെ തെറിവിളിക്കുന്ന രൂപത്തിലുള്ള സമര രീതികള്‍ ആയിരുന്നില്ല അന്നത്തെ സമരങ്ങള്‍.സമരം ഭരണത്തെ അട്ടിമറിക്കാനുള്ള രീതിയില്‍ ആയി മാറുന്നെന്നും സമരക്കാര്‍ ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നെന്നും പ്രേമ വിമര്‍ശിച്ചു.