Kerala
സി ഐ ടി യു പ്രവര്‍ത്തകന്റെ കൊലപാതകം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി പി എം
'പ്രദേശത്തെ സജീവ ബി ജെ പി പ്രവര്‍ത്തകന്‍ വിഷ്ണുവാണ് ജിതിനെ ഞായറാഴ്ച രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷനു സമീപം ആക്രമിച്ചത്.'

പത്തനംതിട്ട | പെരുനാട് മഠത്തുംമൂഴിയില്‍ സി ഐ ടി യു പ്രവര്‍ത്തകനെ ബി ജെ പി അക്രമിസംഘം കുത്തിക്കൊന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മാമ്പാറ പാട്ടാളത്തറയില്‍ ജിതിന്‍ ഷാജി വര്‍ഷങ്ങളായി സി ഐ ടി യു പ്രവര്‍ത്തകനും ഇടതുപക്ഷ അനുഭാവിയുമാണ്. പ്രദേശത്തെ സജീവ ബി ജെ പി പ്രവര്‍ത്തകന്‍ വിഷ്ണുവാണ് ജിതിനെ ഞായറാഴ്ച രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷനു സമീപം ആക്രമിച്ചത്.
ബി ജെ പി ഗുണ്ടാ സംഘത്തില്‍പെട്ട വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മര്‍ദിച്ചിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ പെരുനാട് ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂനിറ്റ് സെക്രട്ടറി ശരത്, ആകാശ്, ജിതിന്റെ ബന്ധു അനന്തു എന്നിവരെ ബി ജെ പി സംഘം വെട്ടി പരുക്കേല്‍പ്പിച്ചുവെന്നും രാജു എബ്രഹാം പറഞ്ഞു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെ ബി ജെ പി സംഘത്തില്‍പെട്ട വിഷ്ണു വടിവാള്‍ ഉപയോഗിച്ച് വെട്ടിയും കുത്തിയും ആക്രമിക്കുകയായിരുന്നു.
ബി ജെ പി അക്രമിസംഘം കരുതിക്കൂട്ടി ആയുധങ്ങളുമായി കാറില്‍ എത്തുകയായിരുന്നു. അക്രമം ആസൂത്രിതമാണെന്ന് ഇതിലൂടെ ഉറപ്പായി. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു. പെരുനാട് ശുഭാനന്ദാശ്രമത്തിന് ഉള്ളില്‍ അതിക്രമിച്ചു കയറി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളാണ് ജിതിനെ ആക്രമിച്ചവര്‍. കൊലപാതകത്തില്‍ സി പി എം ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും രാജു എബ്രഹാം പറഞ്ഞു.
പങ്കില്ലെന്ന് ബി ജെ പി
പത്തനംതിട്ട | സി ഐ ടി യു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകം ബി ജെ പി യുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഈ കൊലപാതകവുമായി തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. കൊലപാതകത്തില്‍ സി പി എം, ഡി വൈ എഫ് ഐ നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാണ്. പോലീസ് പിടിയിലായ നിഖിലേഷും സുമിത്തും സജീവ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നും സൂരജ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ തന്നെ കൊല ചെയ്തത് ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ ആരോപണം സി പി എം പ്രവര്‍ത്തകരായ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമമാണെന്നും സൂരജ് കുറ്റപ്പെടുത്തി.