International
ചാന്പ്യൻസ് സിറ്റി
ടർച്ചയായി നാലാം തവണയാണ് സിറ്റി കിരീടം ചൂടുന്നത്
ലണ്ടൻ | അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ഇത്തവണയും മാഞ്ചസ്റ്റർ സിറ്റി മുത്തമിട്ടു. അവസാന മത്സരത്തിൽ വെസ്റ്റ് ഹാം യുനൈറ്റഡിന 3-1ന് തോൽപ്പിച്ചാണ് കിരീട നേട്ടം. തുടർച്ചയായി നാലാം തവണയാണ് സിറ്റി കിരീടം ചൂടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ സംഭവമാണിത്.
സിറ്റിക്കായി ഫിൽ ഫോഡൻ ഇരട്ട ഗോൾ (രണ്ട്,21) നേടി. റോഡ്രി (59) പട്ടിക പൂർത്തിയാക്കി. മുഹമ്മദ് കുഡുസിന്റെ അക്രോബാറ്റിക് ഗോൾ (42) വെസ്റ്റ് ഹാമിന് ആശ്വാസമേകി. എവർട്ടണിനെ 2-1ന് തോൽപ്പിച്ച ആഴ്‌സനൽ രണ്ടാം സ്ഥാനത്ത് തുടർന്നു. 38 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 91 പോയിന്റും ആഴ്‌സനലിന് 89 പോയിന്റുമാണ്. സിറ്റി പരാജയപ്പെട്ടിരുന്നെങ്കിൽ ആഴ്‌സനലിന് കിരീട പ്രതീക്ഷയുണ്ടായിരുന്നു. പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ വിടവാങ്ങൽ മത്സരത്തിൽ ലിവർപൂൾ 2-0ന് വോൾവ്‌സിനെ തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സനൽ, ലിവർപൂൾ, ആസ്റ്റൻ വില്ല എന്നിവർ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. അഞ്ചാം സ്ഥാനത്തെത്തിയ ടോട്ടനം ഹോട്‌സ്പറിന് യൂറോപ ലീഗ് യോഗ്യത ലഭിച്ചു.
ക്രിസ്റ്റൽ പാലസിനോട് 5-0ന് തോറ്റെങ്കിലും നാലാം സ്ഥാനം നിലനിർത്തിയാണ് ആസ്റ്റൻ വില്ല ചാന്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്.
ലൂട്ടൻ ടൗൺ, ബേൺലി, ഷെഫീൽഡ് യുനൈറ്റഡ് ടീമുകൾ തരം താഴ്ത്തപ്പെട്ടു.